Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടുമ്മേല്‍-തേവടി പാലം റോഡിന്റെ വശം മണല്‍കുഴിയിലേക്കിടിയുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു.
29/04/2019
മറവന്‍തുരുത്ത് പഞ്ചായത്തിലെ കൂട്ടുമ്മേല്‍-തേവടി പാലം റോഡിന്റെ വശം മണല്‍കുഴിയിലേക്ക് ഇടിഞ്ഞ നിലയില്‍.

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം കൂട്ടുമ്മേല്‍-തേവടി പാലം റോഡിന്റെ വശം മണല്‍കുഴിയിലേക്കിടിയുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. കള്ളുകടവിനു സമീപമാണ് റോഡ് മണല്‍കുഴിയിലേക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് കാല്‍നട-വാഹന യാത്രക്കാര്‍ക്കു ഒരുപോലെ ഭീഷണി ആയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപെട്ടിട്ടുള്ളത്. കള്ളുകടവില്‍ നിന്നു തേവടി പാലത്തിലേക്ക് വരുമ്പോള്‍ ഈ മണല്‍കുഴിയ്ക്ക് മുന്നില്‍വെച്ചാണ് റോഡ് വലത്തോട്ടു തിരിയുന്നത്. ഇത് ശ്രദ്ധിക്കാതെ മുന്നോട്ടു പോയാല്‍ വെള്ളം നിറഞ്ഞുകിടക്കുന്ന മണലെടുത്ത കുഴിയിലേക്കായിരിക്കും ചെന്നുവീഴുക. റോഡ് ഇടിഞ്ഞതോടെ വശത്തുനിന്നിരുന്ന ചെറിയ മരങ്ങള്‍ കുഴിയിലേക്ക് ചാഞ്ഞിരിക്കുകയാണ്. ഇതോടെ ആകെയുണ്ടായിരുന്ന താത്‌ലാലിക സുരക്ഷ കൂടി ഇല്ലാതായി. ഒന്നര പതിറ്റാണ്ട് മുന്‍പ് മണല്‍ ഖനനത്തിനായി കുഴിച്ച കുഴിയാണിത്. റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. കഴിഞ്ഞ മഹാപ്രളയത്തില്‍ ഇവിടെ വെള്ളക്കെട്ടുണ്ടാകുകയും കുഴിയില്‍ വെള്ളം നിറഞ്ഞ് റോഡിന്റെ വശത്തെ മണ്ണിടിഞ്ഞ് ഇവിടം വലിയ അപകടക്കെണിയായി മാറുകയായിരുന്നു. തീരം ഇടിയുന്നത് തടയണമെങ്കില്‍ സംരക്ഷണഭിത്തി കെട്ടണം. എന്നാല്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. തീരമിടിഞ്ഞ് റോഡ് മണല്‍കുഴിയിലേക്ക് പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന വീതികുറഞ്ഞ റോഡില്‍ ഇത് വലിയ അപകടങ്ങള്‍ക്കായിരിക്കും വഴിവെക്കുക. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി ടോള്‍-ചാലുംകടവ് റോഡ് കുഴിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ചെമ്മനാകരിയിലേക്ക് പോകുന്നതിനുള്ള പ്രധാന സമാന്തര പാതകളിലൊന്നാണ് ഈ റോഡ്. ഈ സാഹചര്യത്തില്‍ റോഡിന്റെ ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിച്ച് സുരക്ഷിത യാത്രയ്ക്ക് അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.