Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭവന സന്ദര്‍ശന യജ്ഞം തുടങ്ങി
29/04/2019
കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞത്തിന്റെ ജില്ലാതല പ്രവര്‍ത്തനം ഗായകന്‍ വി.ദേവാനന്ദിന്റെ ഭവനത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തര്‍ തുടക്കം കുറിക്കുന്നു.

വൈക്കം: കുഷ്ഠരോഗ നിയന്ത്രണം ലക്ഷ്യമാക്കി ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന രോഗ നിര്‍ണയ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ഭവന സന്ദര്‍ശന യജ്ഞം ഗായകന്‍ വി.ദേവാനന്ദിന്റെ വസതിയില്‍ നിന്നും തുടങ്ങി. ജില്ലയില്‍ 29 മുതല്‍ മെയ് പന്ത്രണ്ട് വരെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം. നഗരസഭ - പഞ്ചായത്ത് പ്രദേശങ്ങളിലെ ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ചാണ് ഭവന സന്ദര്‍ശനം നടത്തുന്നത്. ഇതിനായി 250 ഓളം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മുഴുവന്‍ വീടുകളിലും ഈ രോഗത്തിന്റെ ഗൗരവവും ലക്ഷണങ്ങളും വ്യക്തമാക്കി ബോധവല്‍ക്കരണം നല്‍കും. താലൂക്ക് ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ചികിത്സ സൗജന്യമായി ഇതിനായി ഒരുക്കിയിട്ടുണ്ട്. അടുത്തകാലത്ത് നടത്തിയ പരിശോധനയില്‍ ഇരുനൂറോളം ആളുകളില്‍ രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രോഗ നിയന്ത്രണത്തിന് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടതെന്ന് താലൂക്ക് ആശുപത്രി പി.പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പ്രവീണ്‍ പറഞ്ഞു. തൊലിപ്പുറത്ത് കാണപ്പെടുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, തടിച്ചതും തിളക്കമുള്ളതുമായ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യം, കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവ രോഗ ലക്ഷണങ്ങളാണെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഭവന സന്ദര്‍ശന യജ്ഞത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരദേവി, ആരോഗ്യവകുപ്പ് ജീവനക്കാരായ പി.എസ് വത്സല, വി.ആര്‍ പ്രതാപ് രാജ്, കെ.അനില്‍കുമാര്‍, എം.എസ് ഷീബ, ബിന്ദുമോള്‍, വൈക്കം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.