Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ ക്ഷേത്രത്തില്‍ വിശ്വാസികളുടെ തടി നിവേദ്യം നാളെ നടക്കും.
25/04/2019
തടി

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ ഐതീഹ്യത്തില്‍ ഏറ്റവുമധികം പ്രാധാന്യം കല്‍പിക്കപ്പെടുന്ന കാലാക്കല്‍ ക്ഷേത്രത്തില്‍ വിശ്വാസികളുടെ തടി നിവേദ്യം നാളെ നടക്കും. ഐതീഹ്യത്താളുകളില്‍ വൈക്കത്തപ്പന്റെ കാവലാളായാണ് കാലാക്കല്‍ വല്യച്ചന്‍ അറിയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ കാലാക്കല്‍ കുടുംബാംഗമായിരുന്നു ഉത്സവങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തു. എങ്കിലും ക്ഷേത്രത്തിലെ കാര്യങ്ങള്‍ക്കെല്ലാം നാട്ടുകാര്‍ തന്നെയാണ് നേതൃത്വം വഹിക്കുന്നത്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമാണ് പത്താമുദയ മഹോത്സവം. കാലാക്കല്‍ വല്യച്ചനും ഘണ്ഠാകര്‍ണ്ണ സ്വാമിക്കുമാണ് വിശ്വാസികള്‍ തടിവഴിപാട് സമര്‍പ്പിക്കുന്നത്. ഇതിനുപിന്നിലുമുണ്ട് ഐതീഹ്യം. അപകടങ്ങളില്‍ ശരീരഭാഗത്തിനുണ്ടാകുന്ന പരുക്കുകള്‍ ഭേദമായി കിട്ടുവാന്‍ വിശ്വാസികള്‍ ഇവിടെ വന്നുപ്രാര്‍ത്ഥിച്ച് തടിവഴിപാടുകള്‍ സമര്‍പ്പിക്കുന്നു. ആള്‍, കാല്, കൈ എന്നീ രൂപങ്ങളിലാണ് തടിവഴിപാടുകള്‍ ഇവിടെ എത്തുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇതില്‍ പങ്കാളികളാകുന്നത്. ഉത്സവത്തോടൊപ്പം സര്‍പ്പംപാട്ട്, ഗന്ധര്‍വന്‍പാട്ട്, ദേവിക്ക് കളമെഴുത്തുപാട്ട് എന്നിവയെല്ലാം നടക്കുന്നു. കരിനാഗയക്ഷിക്ക് സര്‍പ്പം പാട്ടും കളവും നടത്തുന്ന കേരളത്തിലെ ഏകക്ഷേത്രവും ഇതാണ്. രാവിലെ 10ന് ഗന്ധര്‍വന്‍പാട്ട്, ഉച്ചക്ക് 12.30ന് പ്രസാദഊട്ട്, വൈകുന്നേരം ആറിന് താലപ്പൊലി, ഏഴിന് നൃത്തനൃത്യങ്ങള്‍, രാത്രി എട്ടിന് ദേവിക്ക് കളമെഴുത്തുംപാട്ടും. നാളെ രാവിലെ ഒന്‍പതിന് ശ്രീബലി, ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ട്, വൈകുന്നേരം ഏഴിന് തിരുവാതിര, രാത്രി 10ന് തടി വരവ്, 12ന് ആറാട്ട് എഴുന്നള്ളിപ്പ്, തുടര്‍ന്ന് വലിയകാണിക്ക എന്നിവ നടക്കും.