Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നടപ്പാതയില്ലാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
24/04/2019
തലയോലപ്പറമ്പ്-എറണാകുളം റോഡിലെ വെട്ടിക്കാട്ട്മുക്ക് പാലം.

തലയോലപ്പറമ്പ്: വെള്ളൂര്‍-തലയോലപ്പറമ്പ് പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്ന തലയോലപ്പറമ്പ് എറണാകുളം റോഡിലെ വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നടപ്പാതയില്ലാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നിലവിലുള്ള വീതികുറഞ്ഞ നടപ്പു വഴിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചതോടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് വഴിയാത്രക്കാര്‍ കടന്നു പോകുന്നത്. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങളും നൂറു കണക്കിന് വഴിയാത്രക്കാരും കടന്നുപോകുന്ന തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തിലെ നടപ്പുവഴിയാണ് നിര്‍മാണത്തിലെ അപാകതമൂലം നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുന്നത്. സാധാരണ പാലത്തില്‍ നിര്‍മിക്കുന്ന നടപ്പാതകള്‍ക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇത്തരത്തിലുള്ള ഒരു മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും. ഭയപ്പാടോടെയാണ് പാലത്തിലൂടെ നടന്നുപോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. നടപ്പാതയ്ക്ക് വേണ്ടത്ര വീതിയില്ലാത്തതു കൂടാതെ നടക്കാനുള്ള സ്ഥലത്ത് പൈപ്പും മറ്റും അശാസ്ത്രീയമായ രീതിയില്‍ സ്ഥാപിച്ചിരിക്കുകയാണ്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ പലപ്പോഴും രക്ഷപെടാനായി വഴിയാത്രക്കാര്‍ ഈ പൈപ്പുകളില്‍ കയറി നില്‍ക്കുന്നത് പതിവാണ്. കാലൊന്ന് തെറ്റിയാല്‍ പൈപ്പില്‍ നിന്നും തെന്നി വീഴുന്നത് വാഹനത്തിന്റെ മുന്നിലേക്കായിരിക്കുമെന്നുറപ്പ്. നടപ്പാതക്ക് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി പ്രതിഷേധങ്ങളൊക്കെ നടത്തിയിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഇനിയെങ്ങിലും വഴിയാത്രക്കാരുടെ ജീവനു ഭീഷണിയാകുന്ന നടപ്പാത നവീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.