Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഈനാംതുരുത്ത്-ചാലകം റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്.
13/04/2019
നിര്‍മാണം പുരോഗമിക്കുന്ന ഉദയനാപുരം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ ഈനാംതുരുത്ത്-ചാലകം റോഡ്.

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് നിവാസികളുടെ ചിരകാല ആവശ്യമായിരുന്ന ഈനാംതുരുത്ത്-ചാലകം റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്. അരനൂറ്റാണ്ടായി റോഡിനുവേണ്ടി നാട്ടുകാര്‍ മുറവിളി കൂട്ടുകയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായിരുന്നവര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടും റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ പഞ്ചായത്ത് അംഗം കെ.എസ് സജീവ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി റോഡ് നിര്‍മാണം ആരംഭിക്കുവാന്‍ പഞ്ചായത്തില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് 4.80 ലക്ഷം രൂപ ചെലവില്‍ റോഡ് നിര്‍മാണം ആരംഭിച്ചു. 600 മീറ്റര്‍ നീളം വരുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ പത്തോളം കുടുംബങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്. കാലങ്ങളായി ഇവര്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് കാല്‍നട യാത്രപോലും നടത്തിയിരുന്നത്. റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവര്‍ക്ക് എളുപ്പത്തില്‍ കീറ്റുപറമ്പ്, ചാലകം ഭാഗങ്ങളിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കും. മഴക്കാലത്ത് മുട്ടോളം വെള്ളത്തില്‍ നീന്തി വേണം ഇവര്‍ക്ക് സഞ്ചരിക്കുവാന്‍. മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിന്റെ ഐതീഹ്യവുമായി ഏറെ ബന്ധമുള്ള റോഡാണിത്. കാരണം മൂത്തേടത്തുകാവിലമ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശങ്ങളില്‍ ആനപ്പുറത്ത് പറയെടുപ്പിനു പോയിരുന്നത് പാടശേഖരങ്ങളിലൂടെയായിരുന്നു. അക്കാലങ്ങളില്‍ തുടങ്ങിയതാണ് റോഡിനുവേണ്ടിയുള്ള മുറവിളി. യാഥാര്‍ത്ഥ്യമാകുവാന്‍ ഇത്രയധികം കാലം കാത്തിരിക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ റോഡ് പൂര്‍ത്തിയാകുന്നതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികള്‍.