Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആമയാടി തേവന്റെ ജീവിതകഥ അരങ്ങില്‍ പുനര്‍ജനിച്ചു.
17/11/2015
തലയോലപ്പറമ്പ് മുദ്ര അമച്വര്‍ തീയററര്‍ അവതരിപ്പിച്ച ആമയാടി തേവന്‍ നാടകം
വൈക്കം സത്യഗ്രഹസമരത്തില്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായ ആമയാടി തേവന്റെ ജീവിതകഥ അരങ്ങില്‍ പുനര്‍ജനിച്ചു. ദളിത്‌നേതാവായ തേവന്റെ സംഭവബഹുലമായ ജീവിതമാണ് ആമയാടി തേവന്‍ എന്ന നാടകത്തിലൂടെ അവതരിപ്പിച്ചത്. അവര്‍ണര്‍ക്ക് വഴി നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി 1924ല്‍ വൈക്കത്തു നടന്ന സത്യഗ്രഹസമരത്തിന്റെ ചരിത്ര പശ്ചാത്തലത്തിലൂടെയാണ് നാടകം മുന്നേറുന്നത്. പെരുമ്പളത്തെ ഒരു നായര്‍ സ്ത്രീയുടെ ലാളനകളേററ് വളര്‍ന്ന തേവന്‍ അക്ഷരം പഠിച്ചതിന്റെ പേരില്‍ അനുഭവിക്കേണ്ടി വരുന്ന ക്രൂരതകളും അയിത്തത്തിന് എതിരായ പോരാട്ടങ്ങളുമാണ് നാടകത്തിന്റെ പ്രമേയം. സവര്‍ണാധിപത്യത്തോട് ഏററുമുട്ടി പെരുമ്പളത്തുനിന്നും ആമചായി തുരുത്തില്‍ എത്തുന്ന തേവന്‍ പിന്നീട് ആമയാടി തേവനായി അറിയപ്പെടുന്നു. ടി.കെ മാധവന്‍, കെ.പി കേശവമേനോന്‍ തുടങ്ങിയ നേതാക്കളുമായുള്ള സൗഹൃദമാണ് ആമയാടി തേവനെ വൈക്കം സത്യഗ്രഹ സമരസേനാനിയാക്കുന്നത്. സത്യഗ്രഹസമരത്തില്‍ പങ്കെടുക്കുന്ന തേവനെ സവര്‍ണഗുണ്ടകള്‍ മര്‍ദ്ദിക്കുന്നതും കണ്ണില്‍ ചുണ്ണാമ്പ് എഴുതുന്നതും അടക്കമുള്ള മുഹൂര്‍ത്തങ്ങള്‍ നാടകത്തിലുണ്ട്. ടി.കെ മാധവന്‍, കെ.പി കേശവമേനോന്‍, കെ.കേളപ്പന്‍, മന്നത്ത് പത്മനാഭന്‍, രാമസ്വാമി നായ്ക്കര്‍ എന്നിവര്‍ക്കൊപ്പം തേവന്‍ സത്യഗ്രഹസമരത്തില്‍ പങ്കെടുത്തത് തമസ്‌കരിച്ച ചരിത്രകാരന്‍മാരോടുള്ള പ്രതിഷേധം കൂടിയായാണ് നാടകം അവതരിപ്പിച്ചിരിക്കുന്നത്. വൈക്കം സത്യഗ്രഹ നവതിയോടനുബന്ധിച്ച് തലയോലപ്പറമ്പ് മുദ്ര അമച്വര്‍ തീയറററാണ് ആമയാടി തേവന്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ ഷിബു രചന നിര്‍വഹിച്ചിരിക്കുന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത് സി.കെ അജയനും, മേല്‍നോട്ടം വഹിച്ചിരിക്കുന്നത് പ്രൊഫ. എച്ച്.എസ്.പിയുമാണ്.