Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി
12/04/2019

വൈക്കം: തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയാനന്തരം കായലിനെ മാലിന്യമുക്തമാക്കാന്‍ ഇത്തവണ ഷട്ടറുകള്‍ അടയ്ക്കില്ലെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ നെല്‍കൃഷിയുടെ പേരു പറഞ്ഞ് കോട്ടയം, ആലപ്പുഴ, ജില്ലാ കളക്ടര്‍മാര്‍ ഇടപെട്ട് ഡിസംബര്‍ 15നു ഷട്ടര്‍ ഇട്ടു. മാര്‍ച്ച് 15നു തുറക്കാം എന്നറിയിച്ചിരുന്നെങ്കിലും ആഴ്ചകള്‍ പിന്നിട്ടിട്ടും ഷട്ടര്‍ തുറക്കാന്‍ ഇതുവരെ ഒരു നടപടി സ്വീകരിച്ചിട്ടില്ല. ഇത് മത്സ്യതൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കായല്‍ ജലം കെട്ടിക്കിടന്ന് മലിനപ്പെടുന്നത് മത്സ്യസമ്പത്തിനെ ബാധിക്കും. എല്ലാവര്‍ഷവും ഇതുസംഭവിക്കാറുണ്ടെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇതോടൊപ്പം വേനല്‍ ചൂടും കൂടിയതോടെ മത്സ്യ സമ്പത്തിന്റെ ഉല്‍പ്പാദനം വലിയ തോതില്‍ കുറഞ്ഞു. കരിമീന്‍, കക്കയിറച്ചി, കൊഞ്ച് തുടങ്ങി കായല്‍മത്സ്യസമ്പത്തില്‍ വന്‍കുറവാണ് സംഭവിക്കുന്നത്. നെല്‍കൃഷിക്കുപയോഗിക്കുന്ന രാസവളങ്ങളാണ് പ്രധാന കാരണം. വേലിയേറ്റവും വേലിയിറക്കവും സംഭവിക്കാത്തതാണ് കായല്‍ സമ്പത്ത് വര്‍ധിക്കാത്തതിനു കാരണമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ബണ്ട് തുറക്കാന്‍ വൈകുന്നത് അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളെയും മലിനമാക്കി. മിക്ക പ്രദേശങ്ങളിലും കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്. മറ്റ് ആവശ്യങ്ങള്‍ക്കും ആറുകളിലെയും തോടുകളിലെയും വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായി. നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞിട്ടും തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടര്‍ ഉയര്‍ത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഷട്ടര്‍ ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ലാ സെക്രട്ടറി ഡി.ബാബു, പ്രസിഡന്റ് കെ.എസ് രത്‌നാകരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.