Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തകര്‍ന്ന കല്‍പ്പടവുകള്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്നു.
08/04/2019
ഉദയനാപുരം-മറവന്‍തുരുത്തു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടത്തുകടവിന്റെ തോട്ടാറമിറ്റം ഭാഗത്തെ തകര്‍ന്ന കല്‍പ്പടവുകള്‍.

വൈക്കം: തകര്‍ന്ന കല്‍പ്പടവുകള്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുന്നു. ഉദയനാപുരം-മറവന്‍തുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടത്തുകടവിന്റെ തോട്ടാറമിറ്റം ഭാഗത്തെ കല്‍പ്പടവുകളാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ ഭീഷണിയായിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളടക്കം നൂറു കണക്കിനാളുകളാണ് ദിനം പ്രതി ഇതുവഴി യാത്രചെയ്യുന്നത്. കല്‍പ്പടവുകള്‍ തകര്‍ന്നതോടെ കടത്തു വള്ളത്തില്‍നിന്നും കയറിയിറങ്ങുന്നത് ഏറെ സാഹസികമാണ്. ആറ്റിലെ ജലനിരപ്പ് താഴുന്ന സമയങ്ങളില്‍ വള്ളം കരയിലേക്ക് അടുക്കുകയില്ല വെള്ളത്തില്‍ ഇളകി കിടക്കുന്ന കല്ലുകള്‍ക്കിടയിലൂടെ വേണം കയറിയിറങ്ങാന്‍. വെള്ളത്തില്‍ കിടക്കുന്ന കല്ലുകള്‍ക്ക് വഴുക്കലുള്ളതിനാല്‍ പരിചയക്കുറവുള്ളര്‍ വീണുപരിക്കേല്‍ക്കുന്നത് പതിവാണ്. വേലിയേറ്റ സമയത്ത് വള്ളം നിലവിലുള്ള കല്‍പ്പടവുകളോടു ചേര്‍ന്ന് അടുക്കുമെങ്കിലും പടവുകളുടെ അടിഭാഗത്തെ കല്ലുകള്‍ ഇളകി പോയിട്ടുള്ളതിനാല്‍ ഏതുനിമിഷവും മുകള്‍ ഭാഗവും ആറ്റിലേക്ക് ഇടിഞ്ഞു താണ് അപകടം സംഭവിക്കാം. മറുകരയായ ആറ്റുവേലക്കടവിന്റെ അവസ്ഥയും ഭയാനകമാണ്. കടൂക്കര-കുലശേഖരമംഗലം റോഡില്‍ കടത്തുകടവിനോടു ചേര്‍ന്നുള്ള ഭാഗം കഴിഞ്ഞ പ്രളയത്തില്‍ ആറ്റിലേക്ക് ഇടിഞ്ഞിരുന്നു. കല്‍പ്പടവുകള്‍ തകരുമോ എന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടയുള്ള നിരവധി വാഹനങ്ങളാണ് ദിനം പ്രതി ഇതുവഴി കടന്നു പോകുന്നത്. റോഡിന്റെ അപകട ഭീഷണി നേരിടുന്ന ഭാഗം അടിയന്തിരമായി സംരക്ഷണ ഭിത്തികെട്ടണമെന്നും കടത്തുവള്ളത്തില്‍ നിന്നും സുഗമമായി കയറിയിറങ്ങാവുന്ന തരത്തിലുള്ള കല്‍പ്പടവുകള്‍ നിര്‍മിക്കുന്നതിനും അധികൃതര്‍ തയ്യാറാകണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.