Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാവലംബന്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നു
18/02/2016

എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ കളമശ്ശേരി ബ്രാഞ്ച് ഓഫീസുമായി സഹകരിച്ചു കൊണ്ട് ഭിന്ന ശേഷിയുള്ളവര്‍ക്കായി സ്വാവലംബന്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നു. 355 രൂപ വാര്‍ഷിക പ്രീമിയമായി അടച്ച് ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ഒരു വര്‍ഷം 2 ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യം ലഭിക്കുന്നതാണ്. അംഗീകൃത ആശുപത്രികളില്‍ 24 മണിക്കൂറെങ്കിലും കിടത്തി ചികിത്സ നടത്തുന്നവര്‍ക്കാണ് ചികിത്സാ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. നിലവിലുള്ള വൈകല്യങ്ങളെ ഭേദമാക്കുന്നതിനുള്ള തെറാപ്പികള്‍ക്ക് ഒ.പി.ചികിത്സാ ആനുകൂല്യമായി ഒരു വര്‍ഷം 10000/- രൂപ വരെ ലഭിക്കുന്നതാണ്. 18നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിയുള്ള വ്യക്തി, ആ വ്യക്തിയുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, രണ്ടു കുട്ടികള്‍ എന്നിവര്‍ക്കാണ് പോളിസിയില്‍ അംഗത്വം ലഭിക്കുന്നത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കുറവായിരിക്കണം. അന്ധത, കാഴ്ചകുറവ്, ബധിരത, ചലനവൈകല്യം, ബുദ്ധിമാന്ദ്യം, മനോരോഗം, കുഷ്ഠ രോഗത്താലുള്ള വൈകല്യം തുടങ്ങിയവയുള്ളവര്‍ക്ക് മുന്‍കൂര്‍ ആരോഗ്യപരിശോധന കൂടാതെ ഇതില്‍ ചേരാം. ഓട്ടിസം, സെറിബ്രല്‍ പള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയവയുള്ളവര്‍ക്ക് അംഗത്വം ലഭിക്കില്ല. പൂരിപ്പിച്ച അപേക്ഷാ ഫോം, കുടുംബത്തിലെ ഓരോ അംഗത്തിന്റേയും സ്റ്റാമ്പ് സൈസ് ഫോട്ടോയുടെ രണ്ട് കോപ്പികള്‍, തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെയോ ഇലക്ഷന്‍ കാര്‍ഡിന്റെയോ കോപ്പി, വരുമാനം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് അംഗത്വത്തിനായി അപേക്ഷിക്കേണ്ടത്. അതിരൂപതയുടെ കാരുണ്യ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ഭിന്നശേഷിയുള്ള ഏറെ പേര്‍ക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി നടപ്പാക്കുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി അറിയിച്ചു. ആദ്യഘട്ടത്തിലേക്കുള്ള അപേക്ഷകളും പ്രീമിയവും സഹൃദയയുടെ എറണാകുളം, അങ്കമാലി, കാലടി, വൈക്കം, പറവൂര്‍, ചേര്‍ത്തല മേഖലാ ഓഫീസുകളില്‍ ഫെബ്രുവരി 20 വരെ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496511444 എന്ന നമ്പരില്‍ ബന്ധപ്പെടുക.