Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇതുപതില്‍ ഇരുപത് സീറ്റും നേടി ഉജ്ജ്വലവിജയം കരസ്ഥമാക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
02/04/2019

വൈക്കം: കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇതുപതില്‍ ഇരുപത് സീറ്റും നേടി ഉജ്ജ്വലവിജയം കരസ്ഥമാക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി ഭരണം രാജ്യത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കൊണ്ടുപോകുകയാണ്. ഗോ സംരക്ഷണത്തിന്റെയും മറ്റും പേരില്‍ സ്വകാര്യസേനകളെ ഉപയോഗിച്ച് അവര്‍ ദളിതരുടെയും സ്ത്രീകളുടെയും മുന്നേറ്റങ്ങളെയും തുല്യതയെയും തടയുന്നു. നമ്മുടെ കുട്ടികളോട് എന്തുഭക്ഷണം കഴിക്കണം, ഏതുവസ്ത്രം ധരിക്കണം, ആരോട് സൗഹൃദം കൂടണം എന്നെല്ലാം സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ ആജ്ഞാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം വൈക്കം ബോട്ടുജെട്ടി മൈതാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ വര്‍ഗ്ഗീയ വിഷം വമിക്കുന്നവയാണ്. മതത്തെ ഉപയോഗിച്ചു കൊണ്ടുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പ്രഭവകേന്ദ്രം വിഡി സര്‍വക്കര്‍ ആണ്. ഗോഡ്‌സെയെ നയിച്ചതും അതേ ഹിന്ദുത്വ രാഷ്ട്രീയമാണ്. അതിന് ഹിന്ദുമതവുമായോ വിശ്വാസങ്ങളുമായോ ബന്ധമില്ല. ജാതിമര്‍ദ്ദനത്തിന്റെ പഴയകാലത്തേയ്ക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ധാരാളം നദികള്‍ ഒഴുകി മഹാസാഗരത്തില്‍ ഒന്നായി പതിക്കുന്നതുപോലെ പല വിശ്വാസങ്ങള്‍ മാനവികതയിലേക്കുള്ള വിവിധ കൈവഴികളാണെന്നാണ് ശ്രീനാരായണഗുരുസ്വാമി പറഞ്ഞിട്ടുള്ളത്. ശ്രീനാരായണ ഗുരുസന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വലിയ പങ്കാണ് ഇടതുപക്ഷം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിച്ച് അഴിമതിയില്‍ മുക്കിതാഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇവരുടെ സാമ്പത്തികനയങ്ങള്‍ സാധാരണക്കാരന്റെ ജീവിതത്തെ ദുസ്സഹമാക്കി. ഇവര്‍ക്കെതിരെ വൈക്കം സത്യാഗ്രഹത്തിന്റെ സമരപാരമ്പര്യമുള്‍ക്കൊണ്ട് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ അണിനിരക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തില്‍ എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് പി.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. വൈക്കം വിശ്വന്‍, സി.കെ ശശിധരന്‍, പി.കെ ഹരികുമാര്‍, സി.കെ ആശ എം.എല്‍.എ, കെ.കെ ഗണേശന്‍, ആര്‍.സുശീലന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, പി.കെ ഗോപി, കെ.അരുണന്‍, കെ.ശെല്‍വരാജ്, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, പി.ജി ഗോപി, എം.കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.