Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേനലിന്റെ രൂക്ഷത വര്‍ധിച്ചതോടെ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വരള്‍ച്ചയില്‍.
01/04/2019

വൈക്കം: വേനലിന്റെ രൂക്ഷത വര്‍ധിച്ചതോടെ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വരള്‍ച്ചയില്‍. പ്രാഥമികാവശ്യങ്ങള്‍ക്കു പോലും ജനം വില കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ്. തലയോലപ്പറമ്പ്, ചെമ്പ്, മറവന്‍തുരുത്ത്, വെള്ളൂര്‍, ഉദയനാപുരം, ടി.വി.പുരം, തലയാഴം, വെച്ചൂര്‍, നഗരസഭ എന്നിവിടങ്ങളിലെ ശുദ്ധജലം ലഭ്യമായിരുന്ന കുളങ്ങളും കിണറുകളും വറ്റിവരണ്ടു. വെള്ളമുള്ള കിണറുകളും കുളങ്ങളും മലീമസമായ നിലയിലാണ്. നാട്ടുതോടുകളും വരള്‍ച്ചയിലാണ്. വെച്ചൂര്‍ പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ കുടിവെള്ള പ്രതിസന്ധി നേരിടുന്നത്. കുളങ്ങളിലും കിണറുകളിലും മത്സ്യങ്ങള്‍ വളര്‍ത്തിയിരുന്നതെല്ലാം ഇപ്പോള്‍ വെള്ളത്തിന്റെ കുറവുമൂലം ചത്തുപൊങ്ങുന്ന അവസ്ഥയിലും മറ്റുമാണ്. കുളങ്ങളില്‍ വെള്ളം കുറഞ്ഞതോടെ മത്സ്യങ്ങള്‍ കരയിലേക്ക് ചാടിപോകുന്നു. വരാലും കരിമീനുമെല്ലാമായിരുന്നു കുളങ്ങളിലുമെല്ലാം നിക്ഷേപിച്ചിരുന്നത്. വീട്ടുകാരെ സംബന്ധിച്ച് ഇത് ഒരു വരുമാനമാര്‍ഗമായിരുന്നു. തലയോലപ്പറമ്പ് പഞ്ചായത്തിലെ തീരദേശ മേഖലയായ വടയാര്‍ ഭാഗങ്ങളിലും കനത്ത വരള്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കോരിക്കല്‍, പഴമ്പെട്ടി, തേവലക്കാട്, കൊച്ചംഗ്രാക്കല്‍, പൊന്നുരുക്കുംപാറ, കള്ളാട്ടിപ്പുറം മേഖലകളില്‍ കനത്ത കുടിവെള്ള ക്ഷാമമാണ്. വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പുലൈനുകളില്‍ വെള്ളമെത്തുന്നുണ്ടെങ്കിലും ഇതൊന്നും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുന്നില്ല. സ്വകാര്യ കുടിവെള്ള ഏജന്‍സികളില്‍ നിന്നും നാട്ടുകാര്‍ അമിതവില നല്‍കിയാണ് വെള്ളം വാങ്ങുന്നത്. വെള്ളത്തിന്റെ വില സംബന്ധിച്ച് പല ദിവസങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും നിവൃത്തികേടുകൊണ്ട് വെള്ളം വാങ്ങേണ്ട ഗതികേടാണ്. ഉദയനാപുരം പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും ജല ലഭ്യതയുണ്ടായിരുന്ന കുളങ്ങളും കിണറുകളും വേനല്‍ രൂക്ഷമായതോടെ വറ്റിവരളുകയും മലിനപ്പെടുകയും ചെയ്തു. ജലത്തിനായി പല സ്ഥലങ്ങളിലും നാട്ടുകാര്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്. വേനലിനു മുന്‍പ് ഇതിനുവേണ്ട ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട അധികാരികള്‍ കാണിച്ച ഉദാസീനതയാണ് പ്രശ്‌നത്തിന്റെ തീവ്രത ഇത്രയധികം വര്‍ധിപ്പിക്കുന്നത്.