Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറ്റുവേല ഉത്സവത്തിനു കൊടിയേറ്റി
01/04/2019
വടയാര്‍ ആറ്റുവേലയ്ക്ക് ആറ്റുവേലക്കടവിലെ ക്ഷേത്രത്തിനു മുന്നില്‍ വെളിച്ചപ്പാട് അടിയം സോമന്‍ കൊടിയേറ്റുന്നു.

വൈക്കം: വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല ഉത്സവത്തിനു ഇന്നലെ രാവിലെ വെളിച്ചപ്പാട് അടിയം സോമന്‍ കൊടിയേറ്റി. രാജഭരണ കാലം മുതലേയുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിച്ച് കരക്കാരുടെയും അവകാശികളുടെയും നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്. വെളിച്ചപ്പാട് കൊടിയേറ്റുന്ന ആചാരം ആറ്റുവേല ഉത്സവത്തിന്റെ പ്രത്യേകതയാണ്. 18 വീടനന്മാരായ കരക്കാരുടെ നേതൃത്വത്തില്‍ വെളിച്ചപ്പാട് വാള് കൊണ്ട് കൊത്തി അടയാളപ്പെടുത്തിയ മരം നിലം തൊടാതെ മുറിച്ചെടുത്ത് താളവാദ്യ മേളങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്നാണ് കൊടിയേറ്റിയത്. തിരുവോണ നാളില്‍ കൊടിയേറ്റി അശ്വതി നാളില്‍ ആറ്റുവേലയെന്ന കണക്കിലാണ് ആറ്റുവേലയുടെ ചടങ്ങുകള്‍. സബ് ഗ്രൂപ്പ് ഓഫീസര്‍ ശിവപ്രസാദ്, ഉപദേശ സമിതി ഭാരവാഹികളായ പ്രസിഡന്റ് എം.പി ജയപ്രകാശ്, സെക്രട്ടറി വി.കെ സുനില്‍ കുമാര്‍, അജിത്ത്, പി.കെ കുഞ്ഞന്‍, സജി എന്നിവര്‍ നേതൃത്വം നല്‍കി. ആറ്റുവേലക്കടവിലെ കൊടിയേറ്റിനു ശേഷം ഉച്ചകഴിഞ്ഞു മൂന്നിനു ഇളങ്കാവ് ക്ഷേത്രക്കടവില്‍ ആറ്റുവേല ചാടിന്റെ നിര്‍മാണത്തിനു പിണ്ടിപ്പഴുത് ചടങ്ങ് നടത്തി. ആറ്, ഏഴ് തീയതികളിലാണ് പ്രശസ്തമായ ആറ്റുവേല. ഏഴിനു പുലര്‍ച്ചെ ഒന്നിന് പുറക്കളത്തില്‍ ഗുരുതിയ്ക്ക് ശേഷമാണ് ആറ്റുവേലക്കടവില്‍നിന്നും ആറ്റുവേല ഇളങ്കാവ് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. കൂറ്റന്‍ വള്ളങ്ങള്‍ ചേര്‍ത്ത് അതില്‍ ക്ഷേത്ര മാതൃകയില്‍ നിര്‍മിക്കുന്ന ആറ്റുവേല ചാടിന്റെ മുകള്‍ഭാഗത്ത് കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വിഗ്രഹം പ്രതിഷ്ഠിയ്ക്കും. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ഇളംങ്കാവ് ക്ഷേത്ര കടവിലേയ്ക്ക് ജലമാര്‍ഗം എഴുന്നള്ളിക്കുന്നതാണ് ആറ്റുവേല. നിരവധി തൂക്കച്ചാടുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മൂവാറ്റുപുഴയാറിന്റെ വിരിമാറിലൂടെ ആറ്റുവേല വര്‍ണദീപാലങ്കാരങ്ങളോടെ ഒഴുകി നീങ്ങുന്നത് പുഴയുടെ ഇരുകരകളിലും നിറഞ്ഞു നില്‍ക്കുന്ന ആയിരങ്ങള്‍ക്ക് ഭക്തിയുടെ കാഴ്ച്ചയാണ്.