Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്തില്‍ വികസനവും കാത്ത് ചെട്ടിക്കരി ഗ്രാമം
28/03/2019

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ വികസനം കാത്തുകഴിയുന്ന പ്രദേശമേതെന്നു ചോദിച്ചാല്‍ ഒറ്റയടിക്കു ഉത്തരം ലഭിക്കുന്ന ഗ്രാമമാണ് ചെട്ടിക്കരി. ചെട്ടിക്കരിക്കൊപ്പം നിലകൊള്ളുന്ന മുപ്പത് എന്ന ഗ്രാമത്തിന്റെ അവസ്ഥയും സമാനമാണ്. കാലം മാറിയിട്ടും ഇവിടെ വികസനവെളിച്ചം എത്തിയിട്ടില്ല. ഇതിനു ഉത്തരവാദി ആരെന്നു ചോദിച്ചാല്‍ എല്ലാവരും തലയില്‍ കൈവെക്കുന്നു. എം.പിയ്ക്കും എം.എല്‍.എയ്ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമെല്ലാം ഒരേ ഉത്തരവാദിത്തമാണ് ഈ പ്രശ്‌നത്തില്‍ ഉള്ളത്. അഞ്ഞൂറോളം കുടുംബങ്ങള്‍ ഈ പ്രദേശത്തുണ്ട്. ഇതില്‍ ഏറെയും പട്ടികജാതി വിഭാഗത്തില്‍പെട്ടവരാണ്. ഇവര്‍ക്കെല്ലാം അത്യാവശ്യമായി വേണ്ടത് സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ ഒരു വഴിയാണ്. പേരിനൊരു വഴിയുണ്ടെങ്കിലും അവസ്ഥ തീര്‍ത്തും ദയനീയമാണ്. ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രമാണ് റോഡിലൂടെ സഞ്ചരിക്കാന്‍ മാര്‍ഗമുള്ളത്. മഴക്കാലമായാല്‍ അവസ്ഥ കൂടുതല്‍ ദയനീയമാകും. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത കാര്‍ഷിക മേഖലയിലും ഇരുള്‍ വീഴ്ത്തുകയാണ്. മുന്നൂറ് ഏക്കറിലധികം പാടശേഖരങ്ങള്‍ ഇവിടെയുണ്ട്. കാലങ്ങള്‍ക്കുമുന്‍പ് വരെ ഈ പാടശേഖരങ്ങള്‍ തലയാഴത്തിന്റെ നെല്ലറകളായിരുന്നു. ആ പാടശേഖരങ്ങളെല്ലാം ഇന്നു കാടുപിടിച്ച് പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. പാടശേഖരങ്ങള്‍ക്ക് സമീപമുള്ള ചിറകളുടെയും അവസ്ഥ സമാനമാണ്. ചിറകള്‍ക്ക് പച്ചപ്പ് നല്‍കിയിരുന്ന തെങ്ങുകള്‍ കാടുപിടിച്ചു നശിക്കുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പാടങ്ങള്‍ ഒരുകാലത്ത് വാങ്ങി കൂട്ടിയിരുന്നു. ഇവരാരും ഇപ്പോള്‍ ഇങ്ങോട്ട് തിരിഞ്ഞുപോലും നോക്കുന്നില്ല. സംരക്ഷണമില്ലാതായതോടെ തെങ്ങിലെ കായ്ഫലവും കുറഞ്ഞു. പലതും നാശത്തിന്റെ വക്കിലാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതുമൂലം പലരെയും ഇവിടെ നിന്ന് വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച വീട് നിര്‍മാണം പോലും ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കാരണം കെട്ടിട നിര്‍മാണത്തിനുവേണ്ട സാധനസാമഗ്രികള്‍ എത്തിക്കുക സാധാരണക്കാരെ സംബന്ധിച്ച് അപ്രാപ്യമായ കാര്യമാണ്. കുടിവെള്ള വൈദ്യുതി മേഖലയിലും പ്രശ്‌നങ്ങള്‍ നിഴലിക്കുന്നുണ്ട്. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും വെള്ളമെത്തുന്നത് കുറച്ചു ദിവസങ്ങളില്‍ മാത്രമാണ്. വൈദ്യുതി മേഖല മഴമേഘം കണ്ടാല്‍ ഓടിമറയുന്നു. മുടങ്ങുന്ന വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ കാത്തിരിക്കണം ഇവിടെയുള്ളവര്‍ക്ക്.