Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വേദ ആശുപത്രിയിലെ പുതിയ പേ വാര്‍ഡ് നിര്‍മാണത്തിന് തുടക്കത്തിലേ തന്നെ കരിനിഴല്‍.
17/02/2016
ഫണ്ടിന്റെ അപര്യാപ്തത മൂലം പാതിവഴിയില്‍ നിര്‍മാണം നിലച്ച വൈക്കം താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ പേ വാര്‍ഡ് കെട്ടിടം

ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച ആയുര്‍വേദ ആശുപത്രിയിലെ പുതിയ പേ വാര്‍ഡ് നിര്‍മാണത്തിന് തുടക്കത്തിലേ തന്നെ കരിനിഴല്‍. താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ പേ വാര്‍ഡ് കെട്ടിടത്തിന്റെ നിര്‍മാണം നിലച്ചു. 2014 മെയ് 15ന് ശിലാസ്ഥാപനം നടത്തിയ ആശുപത്രി കെട്ടിടത്തിന്റെ മൂന്ന് നിലകളും പൂര്‍ത്തിയായപ്പോഴാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം നിര്‍മാണം നിലച്ചത്. കെ.അജിത്ത് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.40 കോടി രൂപ ഉപയോഗിച്ച് കെ.എല്‍.ഡി.സിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. നിലവില്‍ ആശുപത്രിയില്‍ 20 രോഗികളെ ജനറല്‍ വിഭാഗത്തിലും അഞ്ച് രോഗികളെ പേ വാര്‍ഡിലും ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് 30 രോഗികള്‍ക്ക് വരെ ആശുപത്രി അധികൃതര്‍ കിടത്തി ചികിത്സ ഉറപ്പാക്കുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പുതിയ കെട്ടിടം നിര്‍മിച്ച് സൗകര്യം വര്‍ദ്ധിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് കെ.അജിത്ത് എം.എല്‍.എ നിര്‍മാണജോലികള്‍ക്കായി തുക അനുവദിച്ചത്. പേ വാര്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പകുതിയില്‍ താഴെ തുകയേ ഇതുവരെ കരാറുകാരന് ലഭിച്ചിട്ടുള്ളുവെന്ന് പറയപ്പെടുന്നു. 15 രോഗികള്‍ക്ക് താമസിച്ച് ചികിത്സ നടത്തുവാന്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള രീതിയിലാണ് പേ വാര്‍ഡ് രൂപകല്‍പന ചെയ്തിട്ടുള്ളത്. മികച്ച ചികിത്സ ലഭ്യമാക്കുമ്പോഴും ആയുര്‍വേദ ആശുപത്രിക്ക് പരാധീനതകള്‍ ഏറെയാണ്. ഒ.പിയിലുള്‍പ്പെടെ നാല് ഡോക്ടര്‍മാരെങ്കിലും ഉണ്ടെങ്കിലേ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാവുകയുള്ളൂ. മൂന്ന് നഴ്‌സുമാരുടെ സേവനം വേണ്ടിടത്ത് രണ്ട് പേര്‍ മാത്രമാണുള്ളത്. രണ്ട് ഫാര്‍മസിസ്റ്റുകള്‍ വേണ്ട ആശുപത്രിയില്‍ ഒരാളാണ് ഫാര്‍മസിയും ക്ലറിക്കല്‍ ജോലികളും നോക്കുന്നത്. പഞ്ചകര്‍മ യൂണിററ് ഉണ്ടെങ്കിലും തെറാപ്പിസ്റ്റുകളുടെ അഭാവത്താല്‍ നഴ്‌സുമാരും നഴ്‌സിംഗ് അസിസ്റ്റന്റുമാരുമാണ് ആ ജോലി നിര്‍വഹിക്കുന്നത്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ ആ ജോലി കൂടി ചെയ്യേണ്ട ഉത്തരവാദിത്വം ഡോക്ടര്‍മാരിലാണ് വന്നുചേരുന്നത്. അതുപോല തന്നെ ആശുപത്രിയില്‍ ലാബുണ്ടെങ്കിലും ടെക്‌നീഷ്യനില്ല. എക്‌സ്‌റേ യൂണിററില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആശുപത്രി കോമ്പൗണ്ടില്‍ ക്യാന്റീന്‍ ആരംഭിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയില്‍ ടൂറിസം മേഖലയെക്കൂടി ലക്ഷ്യമിട്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ പാതിവഴിയില്‍ മുടങ്ങിയ പേവാര്‍ഡ് നിര്‍മാണം പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അധികാരികള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.