Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷം നാളെ
16/03/2019
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍.

വൈക്കം: അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വൈക്കത്തെ നിരവധി തലമുറകള്‍ക്ക് പകര്‍ന്നു നല്‍കിയ വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷം നാളെ ഉച്ചയ്ക്ക് 1.30 മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. അഭിമാനാര്‍ഹമായ ഈ നേട്ടം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളോടെ നടത്തും. ആഘോഷപരിപാടികളുടെ ഉദ്ഘാടനം വൈക്കം എം.എല്‍.എ സി.കെ ആശ നിര്‍വഹിക്കും. തിരുവിതാംകൂറില്‍ മലയാളം പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയ ആദ്യകാലത്ത് തന്നെ തുടങ്ങിയതാണ് ഈ സ്‌കൂള്‍. വഞ്ചിരാജവംശത്തിന്റെയും പെരുമ്പടപ്പ് സ്വരൂപത്തിന്റെയും പ്രധാനപ്പെട്ട രണ്ടു സത്രങ്ങളായിരുന്നു വൈക്കം ക്ഷേത്രത്തിന്റെ വടക്കേ നടയിലുണ്ടായിരുന്നത്. അതില്‍ ഒരു സത്രമാണ് സ്‌കൂളിനായി വിട്ടുകൊടുത്തത്. വൈക്കം താലൂക്കിലെ ആദ്യത്തേതും അക്കാലത്തെ ഏക സ്‌കൂളുമായിരുന്നു മലയാളം പള്ളിക്കൂടം. ഇന്ന് മികവിന്റെ പട്ടികയിലാണ് ഈ സ്‌കൂള്‍. 13 അദ്ധ്യാപകരും 250 -ല്‍ അധികം വിദ്യാര്‍ത്ഥികളുമായി ജില്ലയിലെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌കൂളുകളിലൊന്നായി ടൗണ്‍ എല്‍.പി സ്‌കൂള്‍ മാറിയെന്നത് അഭിമാനകരമാണ്. സംഘാടക സമിതി ചെയര്‍മാന്‍ വി.കെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍ഡോവ്‌മെന്റ് വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കും. 2019-20 വര്‍ഷത്തെ സ്‌കൂള്‍ പ്രവേശന ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായരും, സംസ്ഥാനതല ക്വിസ് മത്സരത്തില്‍ വിജയിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീനന്ദനയെ ആദരിക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്കുമാറും നിര്‍വഹിക്കും. ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകി സി.എ ജയശ്രീയെയും, പൂര്‍വ അധ്യാപകരെയും ചടങ്ങില്‍ ആദരിക്കും. ഓര്‍മക്കൂട്ടം ചെയര്‍മാന്‍ ബി.വിജയന്‍, എ.ഇ.ഒ പ്രീത രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, ഹെഡ്മിസ്ട്രസ്സ് സുനിമോള്‍, ബി.പി.ഒ ടി.കെ സുവര്‍ണന്‍, ബി.ജയചന്ദ്, പി.എന്‍ സരസമ്മ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യ എന്നിവ നടക്കും.