Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിട്ട സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍.
16/03/2019
എല്‍.ഡി.എഫ് വൈക്കം മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഭക്ഷ്യവസ്തുക്കളും ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്ത് രാജ്യത്ത് പതിനായിരക്കണക്കിനു കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിട്ട സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍. ഈ ഫാസിസ്റ്റ് ജനവിരുദ്ധ സര്‍ക്കാരിനെതിരായ വിധിയെഴുത്തായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് വൈക്കം മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത ബി.ജെ.പി സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുകയായിരുന്നു. ഉള്ള തൊഴിലും ഇല്ലാതാക്കി. തൊഴിലില്ലായ്മ അതിഭീകരമായ കാലമാണ് ഇക്കഴിഞ്ഞ സമീപവര്‍ഷങ്ങള്‍. ജനങ്ങളുടെ ഒരു ജീവിതപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇവര്‍ക്കായില്ല. രാജ്യമെമ്പാടും കര്‍ഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ വമ്പിച്ച പ്രക്ഷോങ്ങള്‍ വളര്‍ന്നുവരികയാണ്. വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മാത്രം കൈമുതലായുള്ള നരേന്ദ്രമോഡിയുടെ ഫാസിസ്റ്റ് ഭരണത്തിനുകീഴില്‍ ദളിതരും മതന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണ്. ഈ നയങ്ങള്‍ക്കുവിരുദ്ധമായി ജനപക്ഷ നിലപാടുകളും സാമൂഹിക ക്ഷേമപദ്ധതികളുമായി കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരിക്കും വരുന്ന തെരഞ്ഞെടുപ്പ്. കേരളത്തിലെ മുഴുവന്‍ ലോക്‌സഭ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മികച്ച വിജയം കരസ്ഥമാക്കുമെന്നും സി.കെ ശശിധരന്‍ കൂട്ടിച്ചേര്‍ത്തു. തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന്‍, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ആര്‍.സുശീലന്‍, കെ.കെ ഗണേശന്‍, സുഭാഷ് പുഞ്ചക്കോടന്‍, കെ.അരുണന്‍, കെ.ശെല്‍വരാജ്, ലീനമ്മ ഉദയകുമാര്‍, സി.കെ ആശ എം.എല്‍.എ, ടി.വി ബേബി, പി.ജി ഗോപി, ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, പി.ഷണ്‍മുഖന്‍, എം.കെ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി പി.സുഗതന്‍ (പ്രസിഡന്റ്), അഡ്വ. പി.കെ ഹരികുമാര്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.