Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍മ്മപരമ്പരയിലെ കണ്ണികള്‍ പുനര്‍ജ്ജനിക്കുന്നു : ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം
16/02/2016
കര്‍മ്മപരമ്പരയിലെ കണ്ണികള്‍ എന്ന ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ചലച്ചിത്ര സംവിധായകന്‍ ആബ്രിദ് ഷൈന്‍ നിര്‍വ്വഹിക്കുന്നു.

മലയാളത്തിന്റെ എക്കാലത്തേയും മികച്ച നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങള്‍, ജീവിത പരിസരങ്ങള്‍, തസ്രാക്കിലെ കരിമ്പനകളും, ചെതലിയുടെ അസ്തമയങ്ങളും, പുലരികളും, ഇടവഴികളും, ഓത്തുപള്ളിയും, ഏകാധ്യാപക വിദ്യാലയവും, ഞാററുപുരയും എല്ലാം ക്യാമറ കണ്ണുകളിലൂടെയുള്ള നേര്‍ക്കാഴ്ചകളാകുന്നു. കര്‍മ്മപരമ്പരയുടെ കണ്ണികള്‍ പുനര്‍ജ്ജനിക്കുകയാണ് കോട്ടയം ജില്ലയില്‍ വൈക്കം തെക്കേനടയില്‍ ഡിസൈന്‍സില്‍ ഡി.മനോജിലൂടെ. നിരവധി തവണ നോവല്‍ വായിച്ചപ്പോള്‍ പാലക്കാടന്‍ ഗ്രാമമായ തസ്രാക്കില്‍ അദ്ദേഹം എത്തി. ഗ്രാമീണ കാഴ്ചകള്‍ ഹൃദയത്തില്‍ ഒപ്പിയെടുത്തു. വീണ്ടും വീണ്ടും തസ്രാക്കില്‍ ചെതലിയുടെ താഴ്‌വരകളില്‍ എത്തി. മനസ്സിന്റെ അടരുകളില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ദൃശ്യങ്ങള്‍ പകര്‍ത്തി മടങ്ങുമ്പോഴെല്ലാം വീണ്ടും കരിമ്പന പട്ടകളുടെ ശീല്‍ക്കാരങ്ങള്‍ മാടി വിളിച്ചു കൊണ്ടിരുന്നു. ഇപ്പോള്‍ നാഗരീകതയുടെ കടന്നുകയററം മൂലം നോവലിലെ പ്രദേശങ്ങള്‍ക്ക് ഏറെ മാററം വന്നു കൊണ്ടിരിക്കുകയാണ്. തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയി ക്കൊണ്ടിരിക്കുന്നു. സമീപകാലത്തു തന്നെ ആ നഷ്ടം പൂര്‍ണ്ണമായേക്കാം. എങ്കിലും മഹാനായ എഴുത്തികാരന്‍ വരച്ചിട്ട തസ്രാക്കിലെ ചില തിരുശേഷിപ്പുകള്‍ക്ക് ജീവനുള്ളതായി കാണാം. മലയാളി ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുടെ പച്ചത്തുരുത്തുകള്‍ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കുവാനുള്ള കര്‍മ്മ പരമ്പരയിലെ കണ്ണികള്‍ക്ക് രൂപം കൊടുത്തിരിക്കുകയാണ് മനോജ്. വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പഠനശേഷം ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമയും സര്‍ട്ടിഫിക്കററുകളും നേടി. ഫോട്ടോഗ്രാഫിയിലും, ചിത്രകലയിലും, ശില്‍പ നിര്‍മ്മാണത്തിലും, പത്ര പ്രവര്‍ത്തനത്തിലും ഉള്ള താല്‍പ്പര്യം മൂലം കേരളത്തിലെ വിവിധ കലാസ്ഥാപനങ്ങളില്‍ പഠനം. ദൃശ്യമാധ്യമരംഗത്തും ഫോട്ടോ വീഡിയോഗ്രാഫി മേഖലകളിലും വൈക്കത്തെ സാംസ്‌ക്കാരിക രംഗത്തും പ്രവര്‍ത്തിച്ചു വരുന്നു. 1990 മുതല്‍ കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന ചിത്ര ശില്‍പ പ്രദര്‍ശനങ്ങളില്‍ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു വരുന്നു. തഞ്ചാവൂര്‍ ശില്‍പ്പകലകളെ കുറിച്ച് ഗവേഷണവും, പഠനവും നടത്തുന്നു. ഇദ്ദേഹത്തിന്റെ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിനെ ആധാരമാക്കിയുള്ള കര്‍മ്മപരമ്പരയിലെ കണ്ണികള്‍ എന്ന ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ഫെബ്രുവരി 21 വരെ നടത്തുന്നു. ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ ആബ്രിദ് ഷൈന്‍ നിര്‍വ്വഹിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ്, രാജേഷ് ജി പിള്ള, മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി, പ്രൊഫ.കാട്ടൂര്‍ നാരായണപിള്ള എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.