Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേനല്‍ക്കാലത്ത് ചപ്പുചവറുകള്‍ക്ക് തീയിടുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
13/03/2019

വൈക്കം: വേനല്‍ക്കാലത്ത് ചപ്പുചവറുകള്‍ക്ക് തീയിടുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. തീ ആളിപ്പടരുന്നത് ഫയര്‍ ഫോഴ്‌സിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഇന്നലെ രാവിലെ 11ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്കുള്ളില്‍ കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകള്‍ക്ക് ഡിപ്പോ അധികാരികള്‍ തീയിട്ടു. തീ ആളിപ്പടര്‍ന്നു. നിയന്ത്രണവിധേയമാകാതെ വന്നപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇതിനിടയില്‍ ഡിപ്പോ അധികാരികള്‍ പരാതിപ്പെട്ടവരോടും ഫയര്‍ ഫോഴ്‌സ് അധികാരികളോടുമെല്ലാം തട്ടിക്കയറി. ഡിപ്പോ അധികാരികളുടെ പ്രവൃത്തി വലിയ അപകടത്തിനു ഇടയാക്കുമെന്ന് ഫയര്‍ ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. കാരണം ഡീസല്‍ ടാങ്കെല്ലാം ഡിപ്പോയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. നാടിന്റെ വിവിധ പ്രദേശങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന ചപ്പുചവറുകള്‍ക്ക് വീട്ടുകാരും മറ്റും തീയിടുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കൊടുംവേനലില്‍ പുല്ലെല്ലാം ഉണങ്ങി നില്‍ക്കുകയാണ്. അലക്ഷ്യമായി ചപ്പുചവറുകള്‍ക്ക് തീയിടുമ്പോള്‍ ഇത് പുറമ്പോക്കു ഭൂമികളിലേക്ക് പടര്‍ന്നുപിടിക്കാന്‍ ഇടയാക്കുന്നു. എല്ലാ സ്ഥലത്തും ഒരുപോലെ ഫയര്‍ഫോഴ്‌സിന് ഓടിയെത്താന്‍ സാധിക്കില്ല. വേനല്‍ക്കാലത്ത് പതിയിരിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ഫയര്‍ ഫോഴ്‌സിന്റെ നിര്‍ദേശം.