Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കണമെന്ന് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍
13/03/2019

വൈക്കം: കേരളവാട്ടര്‍ അഥോറിട്ടി വൈക്കം വാട്ടര്‍ സപ്ലൈ പ്രോജക്ട് സബ് ഡിവിഷന്‍ ഓഫീസ് കോംമ്പൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന അപകട നിലയിലായ വാട്ടര്‍ ടാങ്കിന് പകരം പുതിയ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കണമെന്ന് താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപക്‌സ് കൗണ്‍സില്‍ 'ട്രാക്ക്' ആവശ്യപ്പെട്ടു. നാല്‍പ്പതു വര്‍ഷം മുന്‍മ്പ് വൈക്കം വാട്ടര്‍ സപ്ലൈ സ്‌കീമിനുവേണ്ടി നിര്‍മ്മിച്ചിട്ടുള്ള രണ്ടുലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കിന്റെ തൂണുകളുടെ ചുവടുഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന് അപകടനിലയിലാണ്. വൈക്കം മുന്‍സിപ്പാലിറ്റിക്കും സമീപ പഞ്ചായത്തുകള്‍ക്കും പിറവത്തുനിന്നും വെള്ളം എത്തിച്ചു വിതരണം ചെയ്യുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് പ്രസ്തുത ടാങ്ക്. സമീപ പഞ്ചായത്തുകളായ തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി പുരം, മറവന്‍ന്തുരുത്ത്, തലയാഴം, വെച്ചൂര്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ സംഭരണശേഷിയുള്ള പുതിയ ടാങ്കുകള്‍ നിര്‍മ്മിച്ചിട്ടും വൈക്കത്തേയ്ക്ക് പഴയടാങ്കിനു പകരം പുതിയത് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വാട്ടര്‍ അഥോറിട്ടി സ്വീകരിച്ചിട്ടില്ല. അപകടാവസ്ഥയിലുള്ള ടാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നാല്‍ വൈക്കം നഗരസഭാ അതിര്‍ത്തിയിലുള്ള ജലവിതരണം മുടങ്ങുന്നതിന് സാധ്യതയുണ്ട്. അടിയന്തിരമായി വൈക്കം സബ്ഡിവിഷന്‍ കോമ്പൗണ്ടില്‍ കൂടുതല്‍ സംഭരണശേഷിയുള്ള ടാങ്ക് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് മന്ത്രി, വാട്ടര്‍ അഥോറിട്ടി എം.ഡി എന്നിവര്‍ക്ക് 'ട്രാക്ക്' നിവേദനം നല്‍കി. ട്രാക്ക് പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.അബു, എ.ബാബു, കെ.ആര്‍ രാജന്‍, പി.സോമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.