Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബീച്ചില്‍ ശുചിമുറികള്‍ സ്ഥാപിക്കണം
08/03/2019

വൈക്കം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കായലോര ബീച്ചില്‍ ശുചിമുറികള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ കായലോര ബീച്ചാണ് വൈക്കത്തേത്. ഏഴ് ഏക്കറോളം വരുന്ന ബീച്ചില്‍ എത്തുന്ന വിനോദ സഞ്ചാരികളും നടപ്പു വ്യായാമത്തിനായി എത്തുന്നവരും അനവധിയാണ്. ഇരിപ്പിടങ്ങളും ലൈറ്റും സംഗീതവുമെല്ലാം നഗരസഭ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ഒരു സംവിധാനവും ഇവിടെയില്ല. അഷ്ടമിക്കാലത്തും വിശേഷ ഫെസ്റ്റുകളുടെ സമയത്തും ഇതുമൂലം ഇവിടം വല്ലാതെ വൃത്തിഹീനമാകാറുണ്ട്. ഇതു പരിസരവാസികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചെറുതല്ല. ഇതുണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെയും അവഗണിക്കാനാവില്ല. സമീപ ജില്ലകളില്‍ നിന്നും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പാണ് സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കി ഈ ബീച്ച് തുറന്നു കൊടുത്തത്. വായിച്ചും കേട്ടും അറിഞ്ഞ് ദൂരപ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആവാതെ ബുദ്ധിമുട്ടുകയാണ്. ടോയ്‌ലറ്റ് സൗകര്യമുള്ളത് വടക്കേനടയിലുള്ള ദേവസ്വം കോംപ്ലക്‌സില്‍ മാത്രമാണ്. ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇതേകുറിച്ച് അറിയുകയുമില്ല. അവധിക്കാലമായതോടെ ഇങ്ങോട്ടുള്ള സഞ്ചാരികളുടെ എണ്ണം ഏറെ വര്‍ദ്ധിക്കുകയും ചെയ്യും. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് അടിയന്തിരമായി വൈക്കം ബീച്ചിനോടനുബന്ധിച്ച് ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.