Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെപ്‌ററംബര്‍ 18 തിരുവല്ല സ്വദേശിയായ സണ്ണിക്ക് ഒരിക്കലും മറക്കാനാവാത്ത ദിനം
17/11/2015
സൗദി അറേബ്യയിലെ ജിസാനില്‍ വെച്ചുണ്ടായ ഷെല്ലാക്രമണത്തില്‍ പരുക്കേററ് ചികിത്സയില്‍ കഴിയുന്ന സണ്ണി
സെപ്‌ററംബര്‍ 18 തിരുവല്ല സ്വദേശിയായ സണ്ണിക്ക് ഒരിക്കലും മറക്കാനാവാത്ത ദിനമാണ്. സൗദി അറേബ്യയിലെ ജിസാനിലെ സാംന്ത മേഖലയിലെ ഫാമിലി കോട്ടേജിലേക്ക് യെമന്‍ ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന സണ്ണിയുടെ ശരീരത്തിലേക്ക് ഷെല്ലിന്റെ ഒരു ചീള് പതിച്ചത് മാത്രമാണ് സണ്ണിക്ക് ഓര്‍മയുള്ളത്. പിന്നീട് ബോധം വന്നപ്പോള്‍ മുറിയില്‍ ഒപ്പം താമസിച്ചിരുന്ന രണ്ട് ബംഗാളികളുടെയും മട്ടാഞ്ചേരി സ്വദേശിയായ ഫറൂഖിന്റെയും ചേതനയററ ശരീരമാണ് കാണാന്‍ കഴിഞ്ഞത്. സെപ്‌ററംബര്‍ 18ന് രാവിലെ ഏഴിനാണ് ഷെല്ലാക്രമണം. ഇതിനുശേഷം ഭാര്യയുടെ സഹോദരന്‍ റിബുവും സൗദി അറേബ്യയിലെ സന്നദ്ധ സംഘടനയായ ജലയുമാണ് സഹായഹസ്തവുമായി എത്തുന്നത്. തുടര്‍ന്ന് ശരീരത്തില്‍ പതിഞ്ഞ ഷെല്ലിന്റെ ഭാഗവുമായി ഒന്നരമാസക്കാലം സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നവംബര്‍ ഒന്നിന് നെടുംബാശേരി വിമാനത്താവളത്തില്‍ എത്തിയ സണ്ണി ഭാര്യക്കും മക്കള്‍ക്കുമൊപ്പം ചെമ്മനാകരി ഇന്‍ഡോ അമേരിക്കല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. കാലിന്റെ ചലനശേഷി ഏകദേശം നിലച്ചമട്ടിലാണ് ആശുപത്രിയില്‍ എത്തുന്നത്. ഓപ്പറേഷനിലൂടെ ചലനശേഷി വീണ്ടെടുക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും സാധ്യത വളരെ കുറവായിരുന്നു. എന്നാല്‍ നവംബര്‍ ഏഴിന് ഓപ്പറേഷന്‍ നടന്നു. ഡോക്ടര്‍ അനു തോമസിന്റെ നേതൃത്വത്തില്‍ ആറര മണിക്കൂര്‍ നീണ്ടുനിന്ന ശസ്തക്രിയയിലൂടെയാണ് സണ്ണിയുടെ ശരീരത്തില്‍ പതിഞ്ഞ ഷെല്ലിന്റെ ഭാഗം പുറത്തെടുത്തത്. ഇപ്പോള്‍ ആരോഗ്യസ്ഥിതിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 25 വര്‍ഷമായി സൗദി അറേബ്യയില്‍ ബിസിനസ് നടത്തുന്ന സണ്ണിയുടെ ജീവിതത്തിലെ ആദ്യദുരന്തമാണ് ഇത്. ഇപ്പോഴും ഡോര്‍ അടക്കുമ്പോള്‍പോലും ഉണ്ടാകുന്ന ശബ്ദം സണ്ണിയെ പേടിപ്പിക്കുന്നു. ആരോഗ്യസ്ഥിതി പൂര്‍ണതയിലെത്തിയാല്‍ രണ്ട് മാസത്തിനുളളില്‍ സൗദിയിലേക്ക് മടങ്ങാനാണ് തീരുമാനം. ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും നോര്‍ക്കയും ഇന്‍ഡ്യന്‍ എംബസിയും തിരിഞ്ഞുനോക്കി പോലുമില്ല. ഇതില്‍ ദുഃഖിതനാണ് സണ്ണി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കുന്ന ഇന്‍ഡ്യക്കാരുടെയെല്ലാം അവസ്ഥ ഇതുതന്നെയാണെന്ന് ഈ മദ്ധ്യവയസ്‌കന്‍ അടിവരയിടുന്നു. തങ്ങളുടെ കുടുംബനാഥനെ തിരിച്ചുകിട്ടയതില്‍ ദൈവത്തോട് എന്നും നന്ദിയുണ്ടായിരിക്കുമെന്ന് ഭാര്യ റെനിയും മക്കള്‍ ഷേദിലും ശീതളും നിറഞ്ഞകണ്ണുകളോടെ പറയുന്നു. നിരവധി ആളുകളാണ് സണ്ണിയെ കാണുവാന്‍ ആശുപത്രിയില്‍ എത്തുന്നത്. ആശുപത്രിയില്‍ എത്തിയ നാള്‍ മുതല്‍ ഇതുവരെ ആശുപത്രി അധികൃതരും നല്ല പരിചരണമാണ് സണ്ണിക്ക് നല്‍കിപ്പോന്നിരുന്നത്.