Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലിത്തീറ്റയുടെ വിലക്കയറ്റവും പുല്ലിന്റെ ദൗര്‍ലഭ്യതയും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
08/03/2019

വൈക്കം: കാലിത്തീറ്റയുടെ വിലക്കയറ്റവും പുല്ലിന്റെ ദൗര്‍ലഭ്യതയും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഉല്‍പ്പാദനചിലവ് കൂടിയിട്ടും അധ്വാനത്തിന് അര്‍ഹിക്കുന്ന വരുമാനം കിട്ടാതെ വന്നതോടെ തലയോലപ്പറമ്പ് മേഖലയിലെ പശുവളര്‍ത്തല്‍ ക്ഷീരകര്‍ഷകര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. വടയാര്‍, കോരിക്കല്‍, പഴമ്പെട്ടി മേഖലകളിലെ മുപ്പതോളം കര്‍ഷകരാണ് പശു വളര്‍ത്തല്‍ ഉപേക്ഷിച്ചു മറ്റു ജോലികളിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. കൃഷിയും, മത്സ്യബന്ധനവും, പശുവളര്‍ത്തലുമൊക്കെയാണ് പ്രദേശത്തെ പ്രാധാന വരുമാനമാര്‍ഗം. എന്നാല്‍ ഉല്‍പാദന ചെലവിനൊത്ത് വരുമാനം കിട്ടാതെ വന്നതോടെയാണ് പ്രദേശത്തെ കര്‍ഷര്‍ പശുവളര്‍ത്തല്‍ തന്നെ ഉപേക്ഷിക്കാന്‍ കാരണം. ഗുണമേന്മകൂടിയ പാല്‍ ലഭിക്കണമെങ്കില്‍ പച്ചപ്പുല്ല് കൊടുക്കണം. എന്നാല്‍ വേനല്‍ കടുത്തതോടെ പറമ്പുകളെല്ലാം ഉണങ്ങി കരിഞ്ഞ നിലയിലാണ്. ഈ അവസരം മുതലാക്കി പുല്ല് കച്ചവടക്കാരും വില കൂട്ടിയത് ക്ഷീര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. ഇപ്പോള്‍ ഒരു കെട്ട് പുല്ലിന് 50 രൂപയാണ് വില്‍പനക്കാര്‍ ഈടാക്കുന്നത്. പുല്ല് കുറഞ്ഞതോടെ പാലിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ചൂടൂം, പച്ചപ്പുല്ലിന്റെ അഭാവവുംമൂലം ദിനംപ്രതി 15 ലിറ്ററോളം പാല്‍ ലഭിച്ചിരുന്ന സ്ഥാനത്ത് നിലവില്‍ ഏഴു ലിറ്ററോളം മാത്രമാണ് ലഭിക്കുന്നത്. അമിതവില കൊടുത്ത് പുല്ലുവാങ്ങി പശുവളര്‍ത്തല്‍ ലാഭകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പാല്‍ ഉല്‍പാദന ചെലവും അതിനു ചെലവഴിക്കുന്ന അധ്വാനവും പരിഗണിക്കുമ്പോള്‍ നിലവില്‍ പാലിനു ലഭിക്കുന്ന വില അപര്യാപ്തമാണെന്നു ക്ഷീര കര്‍ഷകര്‍ പറയുന്നു. വേനല്‍ കടുത്തതോടെ ഒരു പശുവില്‍ നിന്നും ശരാശരി ലഭിക്കുന്ന പാലിന്റെ അളവിനേക്കാള്‍ രണ്ടു ലിറ്റര്‍ വരെ കുറവുണ്ടാകുന്നുണ്ട്. കൂടാതെ മൃഗാശുപത്രികളിലെ സേവനവും മേഖലയില്‍ കൃത്യമായി ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. വരുമാനമില്ലാതെയായതോടെ പ്രദേശത്തെ ക്ഷീരകര്‍ഷകരില്‍ പലരും തൊഴിലുപേക്ഷിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ക്ഷീരമേഖലയെ ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.