Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി.
04/03/2019

വൈക്കം: തലയോലപ്പറമ്പ് ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. വഴിയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായി മാറിയിരിക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്. തലയോലപ്പറമ്പിലും, പരിസരങ്ങളിലുമായി അമ്പതോളം തെരുവുനായ്ക്കളാണ് നാട്ടുകാര്‍ക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്നത്. ബസ് സ്റ്റാന്റില്‍ മാത്രം പത്തോളം തെരുവ് നായ്ക്കളാണ് താവളമടിച്ചിരിക്കുന്നത്. ഇവയില്‍ പലതും അപകടകാരികളാണെന്ന് വ്യാപാരികള്‍ പറയുന്നു. വേനല്‍ചൂട് കൂടിയതോടെ തെരുവ് നായ്ക്കള്‍ വെയിറ്റിങ് ഷെഡ്ഡുകള്‍ കേന്ദ്രീകരിച്ചു താവളമടിച്ചതോടെ ബസ് യാത്രികരും, നാട്ടുകാരും ദുരിതത്തിലാണ്. മാര്‍ക്കറ്റിലെ സ്ഥിതിയും മറിച്ചല്ല, മീന്‍ വാങ്ങാനെത്തുവരുടെ പിന്നാലെ കൂടുന്ന തെരുവ് നായ്ക്കള്‍ പതിവ് കാഴ്ചയാണ്. നാട്ടുകാര്‍ക്കും, യാത്രക്കാര്‍ക്കും തെരുവ് നായ്ക്കള്‍ ഭീഷണിയായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തെരുവ് നായ്ക്കളുടെ ശല്യം മൂലം വാഹനാപകടങ്ങളും ഏറെയാണ്. ഇരുചക്രവാഹനക്കാരാണ് അപകടത്തില്‍ പെടുന്നതില്‍ ഏറെയും. അപ്രതീക്ഷിതമായി ഇവ ഇരുചക്രവാഹനങ്ങള്‍ക്ക് മുന്നില്‍ പെടുന്നതും, നിയന്ത്രണം വിട്ട് ബൈക്ക് മറിയുന്നതും പതിവായിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് തലയോലപ്പറമ്പ് ടൗണില്‍ മാത്രം നടക്കുന്നത്. നായ്ക്കള്‍ തമ്മില്‍ കടിപിടി കൂടി വഴിയില്‍ പ്രവേശിക്കുന്നത് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തിപെടുന്നതിന് കാരണമാകുന്നുവെന്ന് തലയോലപ്പറമ്പിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും പറയുന്നു. തെരുവുനായവുക്കളുടെ ശല്യത്തിനു ഉടന്‍ പരിഹാരം കാണണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.