Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്യമോള്‍ക്ക് വൈക്കം ജനമൈത്രി പോലീസിന്റെ കാരുണ്യത്തില്‍ വീടൊരുങ്ങുന്നു.
04/03/2019
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ആര്യമോള്‍ക്ക് വൈക്കം ജനമൈത്രി പോലീസ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വഹിക്കുന്നു.

വൈക്കം: എ പ്ലസ്സോടെ മികച്ച വിജയം നേടിയ സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് സ്‌കൂളിലെ ആര്യമോള്‍ക്ക് വൈക്കം ജനമൈത്രി പോലീസിന്റെ കാരുണ്യത്തില്‍ വീടൊരുങ്ങുന്നു. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ആര്യ എ പ്ലസ് നേടിയത്. ടി.വി പുരം ചാണയില്‍ ലക്ഷ്മണന്റെ ഏക മകളായ ആര്യയുടേത് നിര്‍ദ്ധനകുടുംബമാണ്. ജീര്‍ണ്ണതയില്‍ മേല്‍ക്കൂര തകര്‍ന്ന് അടച്ചുറപ്പില്ലാത്ത വീട്ടിലെ ബുദ്ധിമുട്ടിനിടയില്‍ നിന്നാണ് ആര്യ പഠനത്തില്‍ മികവ് കാട്ടിയത്. ഇതിനിടയില്‍ വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്നതോടെ ആര്യയ്ക്കും കുടുംബത്തിനും തലചായ്ക്കാന്‍ ഇടമില്ലാതായി. ഇവരുടെ ജീവിത പ്രയാസങ്ങള്‍ അറിഞ്ഞ് ഡി.വൈ.എസ്.പി കെ.സുഭാഷും ജനമൈത്രി സി.ആര്‍.ഒ കെ.വി സന്തോഷും ആര്യയുടെയും കുടുംബത്തിന്റെയും ജീവിത സാഹചര്യം നേരില്‍ കണ്ടു തലചായ്ക്കാന്‍ ഒരിടം തരപ്പെടുത്തിക്കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. സുമസ്സുകളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഡി.വൈ.സെ്.പി കെ.സുഭാഷ് നിര്‍വഹിച്ചു. തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിച്ച അഞ്ചുകുടുംബങ്ങള്‍ക്ക് ജനമൈത്രി പോലീസ് നേരത്തെ വീട് നിര്‍മ്മിച്ചു നല്‍കി. ആറാമത്തെ വീടാണ് ആര്യയ്ക്കു നല്‍കുന്നത്. സി.ആര്‍.ഒ കെ.വി സന്തോഷ്, എസ്.ഐ മോഹന്‍ദാസ് വെച്ചൂര്‍, വാര്‍ഡ്‌മെമ്പര്‍ ഷീല സുരേഷ്, കെ.വി ബേബി, കെ.ശിവപ്രസാദ്, ഷാജി അക്കരപ്പാടം എന്നിവര്‍ പങ്കെടുത്തു. നാലുമാസത്തിനകം വീട് നിര്‍മ്മിച്ചു കൈമാറുമെന്ന് ജനമൈത്രി സി.ആര്‍.ഒ കെ.വി സന്തോഷ് അറിയിച്ചു.