Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അശരണര്‍ക്ക് സഹായമേകി നാട്ടുകൂട്ടത്തിന്റെ നന്മകള്‍ തുടരുന്നു
28/02/2019
പ്രളയത്തെ തുടര്‍ന്ന് നാശോന്മുഖമായ വെള്ളൂര്‍ പഞ്ചായത്തിലെ തോന്നല്ലൂര്‍ പുലിമൂട്ടില്‍ വിജയന്റെ വീട്.

വൈക്കം: പ്രളയക്കെടുതിയുടെ ദുരിത കാഴ്ചകളെ സുമനസ്സുകളുടെ സഹായത്താല്‍ മറികടന്ന് അശരണര്‍ക്ക് സഹായമേകി നാട്ടുകൂട്ടത്തിന്റെ നന്മകള്‍ തുടരുന്നു. പ്രളയശേഷം ചുറ്റുമുള്ളവര്‍ ലഭ്യമായ സൗകര്യങ്ങളില്‍ ജീവിതം തിരിച്ചു പിടിക്കുമ്പോള്‍ തനിക്കും രോഗിയായ ഭര്‍ത്താവിനും, മനോദൗര്‍ബല്യം ബാധിച്ച മകനും അന്തിയുറങ്ങാനുള്ള വീട് പ്രളയം തകര്‍ത്ത ദുഃഖത്തില്‍ കഴിയുന്ന വെള്ളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തോന്നല്ലൂര്‍ പുലിമൂട്ടില്‍ വിജയനും ഭാര്യ നളിനിക്കും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ്. പൊട്ടിത്തകര്‍ന്ന ഭിത്തിയും ഇടിഞ്ഞുവീഴാറായ മേല്‍ക്കൂരയും നളിനിയുടെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തിയപ്പോള്‍ പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡ്ഡിലേക്ക് മാറുകയല്ലാതെ ഈ കുടുംബത്തിനു മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലില്ലായിരുന്നു. പുഴയിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന വീടും തകര്‍ന്നു വീഴാന്‍ തുടങ്ങുന്ന ഓട് ഇട്ടതും ദ്രവിച്ചതുമായ മേല്‍ക്കൂരയും ഭീഷണി ആയപ്പോള്‍ ജീവന്‍ രക്ഷിക്കാനായി മേല്‍ക്കൂര പൊളിച്ച് മാറ്റിയ ശേഷം പുതിയതായി കെട്ടിപ്പൊക്കിയ പ്ലാസ്റ്റിക്കിന്റെ അടിയില്‍ അഭയം തേടിയിരിക്കുകയാണ് ഈ മൂവര്‍ സംഘം. പ്രളയ ദുരിതാശ്വാസത്തിന് സര്‍ക്കാരില്‍ നിന്നും ലഭിച്ച നാമമാത്ര തുക ഉപയോഗിച്ച് പുതിയ വീട് പണിയുവാനോ നിലവിലെ വീട് പുതുക്കി പണിയുവാനോ കഴിയാത്ത അവസ്ഥയിലാണ് വിജയനും കുടുംബവും. റോഡില്‍ നിന്നുള്ള നിശ്ചിത ദൂരപരിധിയും മൂവാറ്റുപുഴയാറിന്റെ തീരദേശ സംരക്ഷണനിയമവും അനുസരിക്കുമ്പോള്‍ ഈ കുടുംബത്തിനും നിലവിലെ സ്ഥലത്ത് പുതിയ വീട് പണിയുവാന്‍ തടസ്സങ്ങള്‍ ഉണ്ടെന്നു വാര്‍ഡ് മെമ്പര്‍ കെ.ആര്‍ രാജേഷ് പറഞ്ഞു. അശരണ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ള മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റിന് മുന്നില്‍ സഹായ അഭ്യര്‍ഥനയുമായി വിജയനും കുടുംബവും സമീപിച്ചപ്പോള്‍ ഇവരുടെ നിലവിലെ വീടിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഭവനം സുരക്ഷിതവുമാക്കി കൊടുക്കാമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ഉറപ്പുനല്‍കി. മനോദൗര്‍ബല്യം ഉള്ള കുടുംബത്തിന് വീടുവെച്ചും, പ്രളയബാധിത കുടുംബത്തിന് വിദേശ മലയാളികളുടെ സഹായത്തോടുകൂടി വീടുവയ്ക്കാന്‍ സഹായമൊരുക്കിയും പ്രവര്‍ത്തിച്ച നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ഈ വീട് ബലപ്പെടുത്തി വാസയോഗ്യമാക്കാന്‍ ഏകദേശം രണ്ടര ലക്ഷം രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. സഹജീവികളുടെ കഷ്ടപ്പാടില്‍ എന്നും സഹായങ്ങള്‍ ഉറപ്പുവരുത്തിയിട്ടുള്ള സുമനസ്സുകളുടെ പൂര്‍ണ സാമ്പത്തിക പിന്തുണയും സാധനസാമഗ്രികളുടെ സ്‌പോണ്‍സറിങും ഈ കുടുംബത്തിന് ലഭ്യമാക്കുവാനുള്ള ശ്രമത്തിലാണ് നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന് ചെയര്‍മാന്‍ എ.കെ ദാമോദരനും, കണ്‍വീനര്‍ എം.ജി സുനിലും അറിയിച്ചു. നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേവെള്ളൂര്‍ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ 11130200002766 IFSC FDRL0001113