Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കുംഭാഷ്ടമി ആഘോഷിച്ചു.
27/02/2019
വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമിയോടനുബന്ധിച്ച് നടന്ന കിഴക്കോട്ട് എഴുന്നള്ളിപ്പ്

വൈക്കം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കുംഭാഷ്ടമി ആഘോഷിച്ചു. ഉഷപൂജയ്ക്കും എത്യത്ത പൂജയ്ക്കും ശേഷം അഷ്ടമി ദര്‍ശനത്തിനായി നട തുറന്നപ്പോള്‍ സര്‍വ്വാഭരണ വിഭൂഷിതമായ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ച് അനുഗ്രഹം വാങ്ങുവാന്‍ നൂറുകണക്കിനു ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങുകള്‍ക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്തു മേക്കാട് നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ നടന്ന ശ്രീബലി ഗജരാജന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ഭഗവാന്റെ തങ്കത്തിടമ്പേറ്റി. അമ്പലപ്പുഴ വിജയകൃഷ്ണന്‍, വേമ്പനാട് അര്‍ജ്ജുനന്‍ എന്നിവര്‍ അകമ്പടിയായി. നാദസ്വരവും പഞ്ചവാദ്യവും ചെണ്ടമേളവുമായി ശ്രീബലി എഴുന്നള്ളിപ്പ് ക്ഷേത്രത്തിനു മൂന്നു വലംവെച്ചു. വൈക്കം വേണു ചെട്ടിയാര്‍, വെച്ചൂര്‍ രാജേഷ് കാര്‍ത്തിക്, വടയാര്‍ അനില്‍കുമാര്‍, ടി.വി പുരം പ്രകാശന്‍ എന്നിവരും കലാപീഠം വിദ്യാര്‍ത്ഥികളുമാണ് മേളമൊരുക്കിയത്. വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒന്നിച്ചുള്ള എഴുന്നള്ളിപ്പാണ് കുംഭാഷ്ടമിയില്‍ പ്രധാനം. വൈകുന്നേരം 6.15ന് ഉദയനാപുരത്തപ്പന്‍ വൈക്കം ക്ഷേത്രത്തിലേക്ക് ആര്‍ഭാടപൂര്‍വ്വം എഴുന്നള്ളി. ഗജരാജന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി. വൈക്കത്തപ്പന്റെ തിടമ്പ് ഗജവീരന്‍ അമ്പലപ്പുഴ വിജയകൃഷ്ണനും ശിരസ്സിലേറ്റി. വൈക്കം ക്ഷേത്രത്തിനു ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിമര ചുവട്ടില്‍ എഴുന്നള്ളിപ്പ് നിറദീപം തെളിയിച്ചു നിറപറയൊരുക്കി ഭക്തര്‍ വരവേറ്റി. കിഴക്കേ ഗോപുരം കടന്ന എഴുന്നള്ളിപ്പുകള്‍ക്ക് വാഴമന, കള്ളാട്ടുശ്ശേരി, കൂര്‍ക്കശ്ശേരി എന്നിവടിങ്ങളില്‍ ഇറക്കി പൂജയും വിശേഷാല്‍ നിവേദ്യവും നടത്തി. എഴുന്നള്ളിപ്പിനെ രാജകീയ പ്രൗഢിയോടെയാണ് ഭക്തജനങ്ങള്‍ വരവേല്‍പ്പ് നല്‍കിയത്. സ്വീകരണ ചടങ്ങുകള്‍ക്കുശേഷം പുലര്‍ച്ചേ രണ്ടോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് അഷ്ടമി വിളക്ക്, വലിയ കാണിക്ക, വെടിക്കെട്ട് എന്നിവ നടന്നു. ഒരു പ്രദക്ഷിണത്തിന് ശേഷം ഉദയനാപുരത്തപ്പന്‍ വൈക്കത്തപ്പനോട് യാത്ര ചോദിച്ചു പിരിഞ്ഞു. വിട പറയല്‍ സമയത്ത് ദു:ഖകണ്ഠാരം എന്ന രാഗത്തിലുളള നാദസ്വരവും മുഴങ്ങി.