Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്ലാം വിരല്‍ത്തുമ്പില്‍ ഒരുക്കി ഗ്രാമപഞ്ചായത്തുകള്‍
26/02/2019

വൈക്കം: പൊതുജനങ്ങള്‍ക്കുള്ള എല്ലാ സേവനങ്ങളും വേഗതയില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കി ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ മാതൃകയാകുന്നു. കെട്ടിട നികുതി, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റുകള്‍, സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍, പഞ്ചായത്ത് കമ്മിറ്റി മിനിട്‌സ്, ജനനമരണ വിവാഹ സര്‍ട്ടിഫിക്കറ്റ്, വിവിധ അപേക്ഷാഫോമുകള്‍, അപേക്ഷകളുടെ തുടര്‍ നടപടിക്രമങ്ങള്‍ എസ്.എം.എസിലൂടെ അറിയിക്കുക തുടങ്ങി ഏതു ഫയലും മൂന്ന് മിനിട്ടിനുള്ളില്‍ ലഭ്യമാകുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകള്‍ക്കും ഐ.എസ്.ഒ നിലവാരം ലഭിച്ചതിന്റെ പ്രഖ്യാപനവും ചെമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനവും 28ന് വൈകിട്ട് 3 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. മഹാപ്രളയത്തില്‍ നാലായിരത്തിലധികം പേര്‍ക്ക് ക്യാമ്പ് ഒരുക്കിയ ബ്രഹ്മമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ നടക്കുന്നത്. കിലയാണ് പഞ്ചായത്തുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. മുന്‍പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരായിരുന്ന ജോസ്‌ന മോള്‍, സലിം ഗോപാല്‍ നിലവില്‍ ഡെപ്യൂട്ടി ഡയറക്ടറായി ചുമതല വഹിക്കുന്ന ബിനു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തികരിച്ചത്. ഗ്രാമപഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും അധികസമയം ജോലി ചെയ്താണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. സി.കെ ആശ എം.എല്‍.എ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ തല ഐ.എസ്.ഒ പ്രഖ്യാപനം ഏറ്റുവാങ്ങല്‍ ജില്ലാ കളക്ടര്‍ സുധീര്‍ ബാബു നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, വി.എന്‍ വാസവന്‍, പി.സുഗതന്‍, എം.വൈ ജയകുമാരി, അഡ്വ. പി.കെ ഹരികുമാര്‍ എന്നിവര്‍ പ്രസംഗിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍, എം.കെ സനല്‍ കുമാര്‍, കെ.കെ രമേശന്‍, കെ.ആര്‍ ചിത്രലേഖ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.