Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ ശതാബ്ദി ആഘോഷത്തിന്റെയും മാലിന്യമില്ലാത്ത ക്ഷേത്രനഗരത്തിന്റെയും ഉദ്ഘാടനം 28ന്
25/02/2019

വൈക്കം: വൈക്കം നഗരസഭയില്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിന്റെയും മാലിന്യമില്ലാത്ത ക്ഷേത്രനഗരത്തിന്റെയും ഉദ്ഘാടനം 28ന് ഉച്ചയ്ക്ക് 12ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ അറിയിച്ചു. അയ്യര്‍കുളങ്ങരയ്ക്ക് സമീപമുള്ള സംസ്‌ക്കരണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രനഗരത്തെ മാലിന്യമില്ലാത്ത നഗരമാക്കാന്‍ യൂണിഫോംധാരികളായ 75-ഓളം ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളിലെത്തി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌ക്കരണ കേന്ദ്രത്തിലെത്തിക്കും. ഇവയെല്ലാം തരംതിരിച്ച് സൂക്ഷിക്കാനായി എം.ആര്‍.എഫ് യൂണിറ്റ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ഷ്രെഡ്ഡിംഗ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. 18-ഓളം തുമ്പൂര്‍മൊഴി എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ എല്ലാം പ്രവര്‍ത്തനോദ്ഘാടനം മന്ത്രി നിര്‍വ്വഹിക്കും. കൂടാതെ നഗരസഭാ പ്രദേശത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി എല്ലാ വീടുകളിലും തുണി സഞ്ചി വിതരണം ചെയ്യും. തിരുവിതാംകൂറില്‍ ആദ്യം രൂപീകരിച്ച അഞ്ചു നഗരസഭകളിലൊന്നാണ് വൈക്കം. 1919-ല്‍ രൂപീകരിച്ച് നഗരസഭ 2019 ആയപ്പോള്‍ ഗതാബ്ദിയുടെ നിറവിലാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കും ഇതോടെ തുടക്കമാവും. ഈ കാലയളവില്‍ പുല്ലുകുളത്ത് ലേഡീസ് ഹോസ്റ്റലും, പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മ്മിക്കും. തോട്ടുവക്കത്തെ ശ്രീമൂലം മാര്‍ക്കറ്റ് പുനര്‍ നിര്‍മ്മിച്ച് നാട്ടുചന്തയും ആരംഭിക്കും. നിലവിലുള്ള നഗരസഭാ ഓഫീസ് ആധുനിക രീതിയില്‍ നവീകരിച്ച് ശതാബ്ദി സ്മാരക മന്ദിരമാക്കും. നഗരത്തിലെ മുഴുവന്‍ വീടുകളിലും തേക്കിന്‍ തൈ വിതരണം ചെയ്യും. ഓണത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സന്തോഷ്.ആര്‍, ബിജു വി കണ്ണേഴത്ത്, ജി.ശ്രീകുമാരന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജിനി പ്രകാശന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ.സി മണിയമ്മ, മുനിസിപ്പല്‍ സെക്രട്ടറി രമ്യ കൃഷ്ണന്‍, മുനിസിപ്പല്‍ എഞ്ചിനിയര്‍ വി. ലീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എല്‍ സലിം എന്നിവര്‍ പങ്കെടുത്തു