Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്തിലെ പ്രഥമ ടൂറിസം സംരംഭം ചരിത്രവിജയത്തിലേക്ക്.
13/02/2016
തോട്ടകത്ത് പ്രവര്‍ത്തിക്കുന്ന ദമ്പതികളുടെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാനെത്തിയ കുട്ടികള്‍.

ടൂറിസം രംഗത്ത് വൈക്കത്തിന് നല്ല സാധ്യതകള്‍ സമ്മാനിച്ചുകൊണ്ട് തലയാഴം ഗ്രാമപഞ്ചായത്തിലെ പ്രഥമ ടൂറിസം സംരംഭം ചരിത്രവിജയത്തിലേക്ക്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലയാഴം പഞ്ചായത്തിലെ തോട്ടകത്ത് ആരംഭിച്ച ഫിഷ് വേള്‍ഡെന്ന ടൂറിസം സംരഭമാണ് ആരെയും അതിശയിപ്പിക്കുന്ന പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ദമ്പതികളായ വിപിന്‍ നായരും, അനില വിപിനും ആണ് ടൂറിസം രംഗത്ത് വൈക്കത്ത് ചരിത്രമെഴുതുന്നത്. 2000ത്തില്‍ അലങ്കാരമത്സ്യകൃഷിയിലൂടെയാണ് ഇവരുടെ രംഗപ്രവേശം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൂറിസം സംരംഭം ആരംഭിച്ചപ്പോള്‍ വിജയപ്രദമാകുമോ എന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നെങ്കിലും അതിവേഗമാണ് ഇവര്‍ മുന്നേറിയത്. വിദേശസഞ്ചാരികളാണ് ഇവിടെ കൂടുതലായി എത്തുന്നത്. ജര്‍മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറിലധികം വിദേശികള്‍ ഇവിടെ എത്തിയിട്ടുണ്ട്. അലങ്കാരമത്സ്യങ്ങളുടെ അപൂര്‍വശേഖരവും അലങ്കാരക്കോഴികളും പ്രാവുകളും എമുവും കൊട്ടവള്ളവും നാടന്‍ വള്ളങ്ങളും സ്‌നൂക്കര്‍ ടേബിളും എല്ലാം ഫിഷ് വേള്‍ഡിന്റെ സവിശേഷതകളാണ്. അപൂര്‍വ ഇനം മത്സ്യങ്ങളും ഇതിനുള്ളില്‍ വളര്‍ത്തുന്നുണ്ട്. വൈക്കത്ത് ടൂറിസം കേന്ദ്രീകരിച്ച് ആരംഭിച്ച അപൂര്‍വം ചില പ്രസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ടൂറിസത്തെ വളര്‍ത്താന്‍ പലതരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ദീര്‍ഘവീക്ഷണമില്ലായ്മ ഇതിനെല്ലാം തിരിച്ചടിയാകുന്നു. വിദേശികളും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കുമായി കാഴ്ചകള്‍ ആസ്വദിക്കുവാന്‍ നാട്ടുതോടുകളെ പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ വൃത്തിയാക്കണം. തോട്ടകത്തെ ഫിഷ് വേള്‍ഡിലെത്തുന്ന വിദേശികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന് നാട്ടുതോടിലൂടെയുള്ള സഞ്ചാരത്തെയാണ്. കൂടാതെ ഇവിടെയുള്ള ഓപ്പണ്‍ കിച്ചണ്‍ ഏററവും മികച്ച രീതിയിലുള്ളതാണ്. ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതുകണ്ട് രുചി നുകരുവാനുള്ള സംവിധാനം ഇവിടെയുണ്ട്. നാട്ടിലുള്ളവര്‍ തന്നെ ഇതുപോലുള്ള സംരംഭങ്ങളെ നിലനിര്‍ത്തുവാന്‍ നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് വിപിനും അനിലയും പറയുന്നു. ഇപ്പോള്‍ തന്നെ അവധി ദിവസങ്ങളിലും അല്ലാതെയുള്ള സമയങ്ങളും മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സ്‌ക്കൂള്‍ കുട്ടികളെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാന്‍ കൊണ്ടുവരുന്നത് വലിയ സാധ്യതയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതുപോലുള്ള സംരംഭങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ക്കൂടി പദ്ധതികള്‍ ഉണ്ടായാല്‍ ടൂറിസം രംഗത്ത് കുമരകത്തിന് സമാനമായ മുന്നേറ്റം വൈക്കത്തിനും ഉണ്ടാക്കാന്‍ സാധിക്കും. ഇതിനുവേണ്ടി വൈക്കത്ത് ആവിഷ്‌കരിക്കുന്ന പല പദ്ധതികളും കടലാസില്‍ മാത്രം ഒതുങ്ങിപ്പോവുകയാണ്. ഇതിന് മാറ്റമുണ്ടായാല്‍ ടൂറിസത്തിലൂടെ ആയിരക്കണക്കിന് തൊഴില്‍ സാധ്യതകളും ഉണ്ടാക്കിയെടുക്കാന്‍ കഴിയും.