Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗതാഗതത്തിന് ഭീതി ഉയര്‍ത്തി അഞ്ചുമന പാലം അപകടാവസ്ഥയില്‍.
08/02/2019
വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമന പാലം.

വൈക്കം: ഗതാഗതത്തിന് ഭീതി ഉയര്‍ത്തി അഞ്ചുമന പാലം അപകടാവസ്ഥയില്‍. പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട അപകടകരമായ പാലങ്ങളില്‍ ആദ്യം നില്‍ക്കുന്നതാണ് വൈക്കം-വെച്ചൂര്‍ റോഡിലെ അഞ്ചുമനപ്പാലം. ഒരുദിവസം ആയിരത്തിലധികം വാഹനങ്ങളാണ് ഇതിലേ കടന്നുപോകുന്നത്. വൈക്കത്തെ തിരക്കേറിയ റോഡില്‍ സ്ഥിതി ചെയ്യുന്ന പാലം പുനര്‍നിര്‍മിക്കേണ്ട സമയം അതിക്രമിച്ചു. ഇനിയും വിഷയത്തില്‍ നടപടികള്‍ വൈകിയാല്‍ ഇവിടെ കാത്തിരിക്കുന്നത് വലിയ ദുരന്തമായിരിക്കും.
അഞ്ചുമനപ്പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായി. ഇതിനുസമീപമുള്ള ഔട്ട്‌പോസ്റ്റിന്റെ അവസ്ഥയെയും നാണിപ്പിക്കുന്ന രീതിയിലാണ് പാലത്തിന്റെ അവസ്ഥ. വീതുകുറഞ്ഞ പാലത്തില്‍ ഗതാഗതകുരുക്കും നിത്യസംഭവമാണ്. വെച്ചൂര്‍ ഔട്ട് പോസ്റ്റിന് സമീപം തോടിനു കുറുകെയുള്ള അഞ്ചുമനപ്പാലത്തിന് ആറു പതിറ്റാണ്ടോളം കാലത്തെ പഴക്കമുണ്ട്. കാലപ്പഴക്കത്താല്‍ പാലത്തിന്റെ ഇരുവശങ്ങളിലേയും കൈവരികളും, താഴത്തെ കരിങ്കല്‍കെട്ടുകളും തകര്‍ന്ന നിലയിലാണ്. അടിയിലെ ഗാര്‍ഡര്‍ ഒടിഞ്ഞു നിലം പൊത്താറായി. ഈ അവസ്ഥ കണ്ടാല്‍ ഈ പാലത്തിലൂടെ സഞ്ചരിക്കാന്‍ ആരും കൂട്ടാക്കുകയില്ല. വീതികുറഞ്ഞ പാലത്തില്‍ ബസും ഭാരവണ്ടികളും കടന്നുപോകുബോള്‍ കാല്‍നടയാത്രക്കാരും മറ്റും ഓടി മാറേണ്ട അവസ്ഥയാണ്.
ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നതില്‍ ഏറെയും. അതുപോലെ ഒരേസമയം ഒരുവശത്തുനിന്നും മാത്രമേ വാഹനങ്ങള്‍ക്ക് പാലത്തിലൂടെ പോകാന്‍ സാധിക്കൂ. ഇവിടെയെല്ലാം കാല്‍നട യാത്രയായെത്തുന്നവര്‍ പോലും കാത്തുകിടക്കേണ്ട അവസ്ഥയാണ്. ചേര്‍ത്തലയില്‍ നിന്നു കുമരകം, കോട്ടയം ഭാഗത്തേക്കുള്ള ബസുകളും, വൈക്കത്തുനിന്ന് കുമരകത്തേക്കും, കോട്ടയത്തേക്കുമുള്ള ബസുകളും ഈ പാലത്തിലൂടെ കടന്നു പോകുന്നുണ്ട്. ടോറസുകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളും ഏറെ പ്രയാസപ്പെട്ടാണ് പാലത്തില്‍കൂടി കടന്നുപോകുന്നത്. ഭാരവണ്ടികളെ പാലത്തില്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.
അതേസമയം വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തോടൊപ്പം അഞ്ചുമന പാലവും പുനര്‍നിര്‍മിക്കുമെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്. 15 മീറ്റര്‍ വീതിയില്‍ റോഡ് നവീകരിച്ച് അഞ്ചുമന പാലം ഉള്‍പ്പെടെയുള്ള പാലങ്ങളും പുനര്‍നിര്‍മിക്കാനായി വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) സമര്‍പ്പിച്ചെങ്കിലും 13 മീറ്റര്‍ വീതിയില്‍ നിര്‍മിക്കാനാണ് കിഫ്ബി നിര്‍ദ്ദേശിച്ചത്. ഇതിനായി 97.30 കോടി രൂപയും അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതി രേഖ തയ്യറാക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
എന്നാല്‍ ബജറ്റില്‍ തുക അനുവദിച്ചു കാലമേറെയായിട്ടും നിര്‍മാണത്തിനുള്ള നടപടികള്‍ നീളുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെച്ചൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പും പാലം പണി നടത്തുന്നതിനായി അധികാരികള്‍ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും നടപ്പിലായില്ല.