Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്തിലേക്ക് പാലം വേണമെന്ന പ്രദേശവാസികളുടെ മുറവിളിക്ക് അവസാനമാകുന്നു.
06/02/2019

വൈക്കം: ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്തിലേക്ക് പാലം വേണമെന്ന പ്രദേശവാസികളുടെ മുറവിളിക്ക് അവസാനമാകുന്നു. നൂറ്റാണ്ടുകളായി തുരുത്ത് നിവാസികള്‍ ആശ്രയിക്കുന്ന കടത്തുവള്ളത്തിനു പകരമായി പാലം വേണമെന്ന ആവശ്യത്തിനാണ് സംസ്ഥാന ബജറ്റിലൂടെ ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ചെമ്പ് പഞ്ചായത്തിലെ 15-ാം വാര്‍ഡിനെ രണ്ടു കരകളിലായി വിഭജിക്കുന്ന മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ആറിനു കുറുകെയുള്ള പാലം വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശമായ തുരുത്തേല്‍ ഗ്രാമത്തില്‍ ആകെയുള്ള 110 കുടുംബങ്ങളില്‍ 70 വീടുകളും പട്ടികജാതി വിഭാഗത്തിന്റെതാണ്. മറ്റുപ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിനു തുരുത്തിലുള്ളവര്‍ക്ക് കടത്തുവള്ളം മാത്രമാണ് നിലവില്‍ ഏക ആശ്രയം. വിവിധ പ്രദേശങ്ങളില്‍ ജോലിക്കുപോയതിനു ശേഷം രാത്രി എട്ടിന് മുന്‍പ് കടത്തുകടവില്‍ വന്നില്ലെങ്കില്‍ കാട്ടിക്കുന്ന് കടത്തുകടവില്‍ നിന്നും അക്കരെ എത്താന്‍ സ്വകാര്യ വള്ളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാവിലെ അഞ്ചു മുതല്‍ രാത്രി എട്ടു വരെയാണ് പഞ്ചായത്ത് കടവ് പ്രവര്‍ത്തിക്കുന്നത്. തുരുത്തേല്‍ ഭാഗത്തുനിന്നും കടത്തുവള്ളത്തില്‍ കാട്ടിക്കുന്നില്‍ എത്തി പ്രധാന റോഡില്‍ ചെന്നതിനുശേഷം മാത്രമേ ഒരു രോഗിയെ പോലും ആശുപത്രിയില്‍ എത്തിക്കാനാവൂ. കുരുന്നുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ കടത്ത് മാത്രമാണ് ഏക ആശ്രയം. വര്‍ഷകാലം വന്നാല്‍ ആറ്റിലെ ഒഴുക്കുള്ള വെള്ളത്തില്‍ കൂടി വള്ളങ്ങള്‍ പോകുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് തുരുത്തേല്‍ പാലം നിര്‍മാണത്തിനുള്ള പ്രൊപ്പോസല്‍ സി.കെ ആശ എം.എല്‍.എ ബജറ്റിനുമുന്നോടിയായി സര്‍ക്കാര്‍തലത്തില്‍ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിനു ചെന്നപ്പോള്‍ പാലമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് തുരുത്ത് നിവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സി.കെ ആശ എം.എല്‍.എ. പാലത്തിന് ആദ്യഘട്ടത്തില്‍ 1.80 കോടി രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാലത്തിന് അനുമതി ലഭിച്ചത് വലിയ പ്രതീക്ഷയാണ് ഗ്രാമവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.