Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാറ്റുപുഴയാറിലേക്ക് മണല്‍ ഖനനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
04/02/2019
മൂവാറ്റുപുഴയാറ്റിലെ മണല്‍വാരല്‍ ആരംഭിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഭാരവാഹികള്‍ റവന്യുമന്ത്രിക്ക് നിവേദനം നല്‍കുന്നു. സി.കെ ആശ എം.എല്‍.എ സമീപം.

വൈക്കം: മൂവാറ്റുപുഴയാറിലേക്ക് മണല്‍ ഖനനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂവാറ്റുപുഴയാറ്റിലെ മണല്‍ ഖനന നിരോധനം വെള്ളൂര്‍, മുളക്കുളം, തലയോലപ്പറമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് തൊഴിലാളികളെ ഇന്നും വലയ്ക്കുകയാണ്. ഖനനം നിരോധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് മാറ്റിയെടുക്കുവാന്‍ പഞ്ചായത്തുകള്‍ ആശാന്ത പരിശ്രമം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആശാസ്ത്രീയമായ പഠനറിപ്പോര്‍ട്ടാണ് വെള്ളൂര്‍, മുളക്കുളം, പഞ്ചായത്തുകളിലെ മൂവാറ്റുപുഴയാറില്‍ നിന്നുള്ള മണല്‍ ഖനനം നിരോധനത്തിനുള്ള പ്രധാന കാരണം. മണല്‍ നിരോധനം എംസാന്റ് ലോബിയുടെ വളര്‍ച്ചക്കാണ് ഹേതുവായത്. ഖനനം നിലച്ചതോടെ വെള്ളൂര്‍ പഞ്ചായത്താണ് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്. വെള്ളൂരിലെ ആറും മുളക്കുളത്തെ ഒന്നും മണല്‍ കടവുകളാണ് ഉണ്ടായിരുന്നത്. നാന്നൂറോളം തൊഴിലാളികള്‍ വാര്, ചുമട്, വള്ളംതൊഴിലാളികളായി ഇവിടെ തൊഴില്‍ ചെയ്തിരുന്നു. കടവുകള്‍ നിലച്ചതോടെ വന്‍സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പഞ്ചായത്തുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. പുഴയില്‍ മണലിന്റെ ലഭ്യതക്കുറവാണെന്ന കാരണം പറഞ്ഞാണ് മൂന്നു വര്‍ഷത്തേക്കു മണല്‍വാരല്‍ നിരോധിച്ചത്. എന്നാല്‍ നിരോധനകാലയളവ് പൂര്‍ത്തിയായി നാളേറെയായിട്ടും തൊഴില്‍ പുനരാരംഭിക്കുവാനുള്ള യാതൊരു നടപടികളും അധികാരികള്‍ സ്വീകരിക്കുന്നില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. മൂവാറ്റുപുഴയാറ്റിലെ മണല്‍വാരല്‍ ആരംഭിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണല്‍ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) വെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എ കേശവന്‍, സെക്രട്ടറി പി.പി ഷാജി എന്നിവര്‍ റവന്യു വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. സി.കെ ആശ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പകരം നിര്‍മിക്കുവാനുള്ള പണികള്‍ സംസ്ഥാനമൊട്ടാകെ ആരംഭിച്ചിട്ടുണ്ട്. ഇവിടെയെല്ലാം അനിവാര്യമാകേണ്ടത് മണലാണ്. ഇതെല്ലാം മുന്‍നിര്‍ത്തി മണല്‍ ഖനനം പുനരരാംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണമെന്നതാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.