Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ മണ്‍പാത്ര വ്യവസായം നിലനില്‍പിനായി പാടുപെടുന്നു.
29/12/2018
മണ്‍പാത്ര വ്യവസായം

വൈക്കം: പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ മണ്‍പാത്ര വ്യവസായം നിലനില്‍പിനായി പാടുപെടുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കുതിര്‍ന്നു പോയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മണ്‍പാത്രങ്ങള്‍. മോട്ടോര്‍ ഉള്‍പ്പെടയുള്ള നിര്‍മാണ ഉപകരണങ്ങളും നശിച്ചു. ഓണവിപണിയെ ലക്ഷ്യമിട്ട് നിര്‍മിച്ച പാത്രങ്ങള്‍ ഭൂരിഭാഗവും വെള്ളത്തില്‍ കുതിര്‍ന്നും ഒലിച്ചും നഷ്ടപ്പെട്ടു. ജില്ലയില്‍ ഏറ്റവും അധികം മണ്‍പാത്ര നിര്‍മ്മാണം നടന്നിരുന്ന പ്രദേശമാണ് വൈക്കപ്രയാര്‍. 32 കുടുംബങ്ങള്‍ ഈ മേഖലയില്‍ പണിയെടുത്തിരുന്നെങ്കിലും ഇപ്പോള്‍ അത് 11 കുടുംബങ്ങളായി ചുരുങ്ങി. ഇതു കാണിക്കുന്നത് പുതുതലമുറ ഈ മേഖലയിലേക്ക് വരുവാന്‍ തയ്യാറാകാത്തതാണ്. കാരണം കാലത്തിന്റെതായ കൂലി വര്‍ധനവ് മണ്‍പാത്രമേഖലയില്‍ ഉണ്ടായിട്ടില്ല. ഇതിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ പിന്നോക്ക വികസന വകുപ്പില്‍നിന്നോ മണ്‍പാത്രനിര്‍മ്മാണത്തെ സംരക്ഷിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ലഭിക്കുന്നില്ലന്നും ഈമേഖലയില്‍ പണിയെടുക്കുന്നവര്‍ പറയുന്നു. 2013ല്‍ തൊഴിലാളി ക്ഷേമത്തിന് ഫണ്ട് അനുവദിച്ചെങ്കിലും പുക മലിനീകരണത്തിന്റെ പേരില്‍ മടക്കി. 2017ല്‍ പഞ്ചായത്തിന്റെ കീഴില്‍ സാമ്പത്തിക സഹായം നല്‍കാമെന്നുപറഞ്ഞ് അഞ്ച് വനിതകളടങ്ങുന്ന നാലു ഗ്രൂപ്പുകളുണ്ടാക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഗ്രൂപ്പുകളുണ്ടാക്കി ബാങ്ക് അക്കൗണ്ടും തുടങ്ങി. ആവശ്യപ്പെട്ട രേഖകളുമായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചപ്പോള്‍ മണ്ണുപണിക്കാര്‍ക്ക് ക്ഷേമനിധിയില്ലാത്തതിന്റെ പേരില്‍ മടക്കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് മണ്‍പാത്രങ്ങള്‍ക്ക് പ്രിയം ഏറിവരുന്നുണ്ടെങ്കിലും നിര്‍മാണ ചിലവ് കൂടിയതോടെ വ്യവസായം തകര്‍ച്ചയുടെ വക്കിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഗ്രൂപ്പടിസ്ഥാനത്തിലെങ്കിലും മണ്ണ് അരക്കുന്ന മെഷിനും വെള്ളത്തില്‍ നശിച്ച മോട്ടോറുകള്‍ക്ക് പകരം പുതിയ മോട്ടോറുകളും സൗജന്യമായി നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഏറെ പ്രചോദനമായി നിലകൊണ്ടിരുന്ന വൈക്കപ്രയാറില്‍ ചുരുക്കം ചിലര്‍ മാത്രമാണ് നിലവില്‍ മണ്‍പാത്രനിര്‍മ്മാണം നടത്തിവരുന്നത്. മണകുന്നം പാടശേഖരത്തിലെ മണ്ണാണ് ഇവര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. സൂക്ഷിച്ചിരുന്ന മണ്ണുകള്‍ മുഴുവനും പ്രളയത്തില്‍ ഒലിച്ചുപോയി. അതോടൊപ്പം മണ്‍പാത്രം എടുത്തുവില്‍പ്പന നടത്തിയിരുന്നവരെയും പ്രതിസന്ധി ബാധിച്ചു. സ്വര്‍ണം പണയപ്പെടുത്തിയും ബാങ്ക് വായ്പ്പയെടുത്തുമെല്ലാമാണ് പലരും സംരംഭം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. എല്ലാം വെള്ളം കവര്‍ന്നെടുത്തതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മണ്‍പാത്ര നിര്‍മാതാക്കള്‍. മണ്‍പാത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ഒരു പരമ്പരാഗത വ്യവസായം കൂടി ഓര്‍മയാകുന്ന കാലം വിദൂരമല്ല.