Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മന:ശ്രീ ഗ്രാമം ആരോഗ്യ നികേതന്‍ ആശ്രമത്തിന്റെ സമര്‍പ്പണം 31ന് നടത്തും
29/12/2018

വൈക്കം: മന:ശ്രീ മിഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വേദനിക്കുന്നവര്‍ക്കും ദുരിതങ്ങള്‍ പേറുന്നവര്‍ക്കും ഏകാന്തത അനുഭവിക്കുന്നവര്‍ക്കും സാന്ത്വനത്തിന്റെ കാരുണ്യവുമായി മന:ശാന്തിയുടെ മഹാതീരമായ മന:ശ്രീ ഗ്രാമം ആരോഗ്യ നികേതന്‍ ആശ്രമത്തിന്റെ സമര്‍പ്പണം നടത്തും. 31ന് രാവിലെ 11 മണിക്ക് നടക്കുന്ന ആരോഗ്യനികേതന്‍ ആശ്രമസമര്‍പ്പണവും പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനവും സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കും. കോട്ടയം ജില്ലയിലെ വൈക്കത്ത് മൂവാറ്റുപുഴയാറിന്റെ തീരത്ത് പൗരാണിക പാരമ്പര്യമുള്ള ആറ്റുവേലക്കടവിലാണ് ആശ്രമം. ദാരിദ്ര്യം, ദു:ഖം, രോഗം, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ അനുഭവിക്കുന്നവര്‍ക്ക് കുടുംബസമേതം ഒത്തുചേരാനുള്ള വിവിധ സൗകര്യങ്ങളാണ് മന:ശ്രീ ഗ്രാമത്തില്‍ ഒരുക്കിയിട്ടുള്ളത്. പുഴയെ പുണര്‍ന്നുവരുന്ന മാരുതന്റെ തലോടലേറ്റ് നിശബ്ദ തടങ്ങളില്‍ വിശ്രമിക്കുവാനും ശാന്തമായിരുന്ന് വായിക്കുവാനുള്ള വായനാമൂലകളും, ചിത്രങ്ങള്‍ വരയ്ക്കാന്‍ ചിത്രകൂടാരങ്ങളും, സര്‍ഗ്ഗാത്മികത പ്രകടിപ്പിക്കാന്‍ ഓപ്പണ്‍ സ്റ്റേജും ആര്‍ട്ട് ഗാലറിയും റോഡിയോ നിലയവും താമരക്കുളവും ധ്യാനമണ്ഡപവും, ഏറുമാടങ്ങളും, ഊഞ്ഞാലും ഉണര്‍ത്തുപാട്ടും എല്ലാം മന:ശ്രീ ഗ്രാമത്തിലുണ്ട്. മന:ശ്രീ മിഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. റഹിം ആപ്പാഞ്ചിറയുടെ അദ്ധ്യക്ഷതയില്‍ നടത്തുന്ന പരിപാടി കരോക്കെ ഗാനമേളയുടെ ഉപജ്ഞാതാവ് ഡോ. അബ്ദുള്‍ ഗഫൂര്‍ നയിക്കുന്ന മന:ശ്രീ മ്യൂസിക്ക് ഗ്രൂപ്പിന്റെ കരോക്കെ ഗാനമേളയോടെയാണ് തുടങ്ങുന്നത്. മന:ശ്രീ മിഷന്‍ ട്രസ്റ്റ് ലോഗോ പ്രകാശനം ശ്രീശങ്കരാ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ് കുമാര്‍ നിര്‍വ്വഹിക്കും. 'വിജയത്തിന്റെ മഹാരഹസ്യം' ഗ്രന്ഥപ്രകാശനം മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ. പി.കെ ഹരികുമാര്‍ സ്വാമി മുക്താനന്ദയതിക്ക് നല്‍കി കൊണ്ട് നിര്‍വഹിക്കും. മന:ശ്രീ ദ്വൈമാസിക പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി സണ്ണി ചെറിയാന് നല്‍കി കൊണ്ട് നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. വി.വി സത്യന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ചിറ്റേഴത്ത് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് എം.പി കലേശന്‍, പി.ഡി ജോര്‍ജ്ജ്, പി.ജി ബിജുകുമാര്‍, പി.പി ദിവാകരന്‍ മാസ്റ്റര്‍, അഡ്വ. സുരേഷ് ബാബു, ബെന്നി സി.വി, ജോസഫ് ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ഡോ.റഹിം ആപ്പാഞ്ചിറ, ബെന്നി സി പാല, അനില്‍ കാവുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.