Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന്റെ പരമ്പരാഗത മേഖലയുടെ നട്ടെല്ലായ തഴപ്പായ നിര്‍മാണം ഇടവേളക്കുശേഷം കരുത്താര്‍ജിക്കുന്നു.
12/02/2016
തലയാഴം ഗ്രാമപഞ്ചായത്തിലെ തോട്ടകത്തുനിന്നും ചേര്‍ത്തല മേഖലയിലേക്ക് പടക്കനിര്‍മാണത്തിനായി കൊണ്ടുപോകുന്ന തഴയോലകള്‍

വൈക്കത്തിന്റെ പരമ്പരാഗത മേഖലയുടെ നട്ടെല്ലായ തഴപ്പായ നിര്‍മാണം ഇടവേളക്കുശേഷം കരുത്താര്‍ജിക്കുന്നു. പടക്കനിര്‍മാണത്തിന് തഴയോലകളുടെ ആവശ്യകത ഏറിയതോടെയാണ് വര്‍ഷങ്ങളായി മന്ദീഭവിച്ചിരുന്ന ഈ മേഖലയുടെ പുനര്‍ജീവനത്തിന് വഴിതെളിഞ്ഞത്. തഴയോലകള്‍ക്ക് ആവശ്യക്കാര്‍ ഏറിയപ്പോള്‍ ഇത് നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാരണം തഴയോലകള്‍ സുലഭമായി ലഭിച്ചുകൊണ്ടിരുന്ന സമയത്ത് തഴപ്പായകള്‍ക്ക് അറുപതിനും നൂറിനുമിടയില്‍ വിലയാണ് ലഭിച്ചിരുന്നത്. കൂടാതെ ഇതുകൊണ്ടു നിര്‍മിച്ചിരുന്ന തഴയോല റൗണ്ടിന് പത്ത് രൂപയുമായിരുന്നു. എന്നാല്‍ ആരെയും അമ്പരിപ്പിക്കുന്ന രീതിയില്‍ പതിന്‍മടങ്ങായി വര്‍ദ്ധിച്ചു. വിലയില്ലാത്ത സമയത്ത് തഴപ്പായ നിര്‍മാണത്തില്‍ സജീവമായിരുന്ന പലരും ഇതിനോട് വിടപറഞ്ഞു. നിയോജകമണ്ഡലത്തിലെ ഉദയനാപുരം, തലയാഴം, വെച്ചൂര്‍, ടി.വി പുരം, തലയോലപ്പറമ്പ് മേഖലകളിലാണ് തഴപ്പായ രംഗം സജീവമായിരുന്നത്. തലയോലപ്പറമ്പില്‍ തഴപ്പായ മേഖലയെ സജീവമാക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അധീനതയില്‍ ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. മൂത്തേടത്തുകാവ്, ചെമ്മനത്തുകര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പടക്കനിര്‍മാണത്തിന് തഴയോലകളുടെ റൗണ്ടുകളുടെ നിര്‍മാണം സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ചേര്‍ത്തല, ആലപ്പുഴ പ്രദേശങ്ങളിലുള്ള പടക്കനിര്‍മാണ കമ്പനികളാണ് തഴയോലകളുടെ റൗണ്ടുകളെടുക്കാന്‍ എത്തുന്നത്. മഴയില്ലാത്തതും അനുകൂല കാലാവസ്ഥയുമെല്ലാം തഴയോലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് നല്ല അനുഭവമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. വരുംനാളുകളും ഇതുപോലെ ശുഭസൂചകമായാല്‍ അസ്തമയസൂര്യന്റെ വെളിച്ചം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പരമ്പരാഗത മേഖലയ്ക്ക് നല്ലൊരു നാളെയായിരിക്കും ഉണ്ടാക്കാന്‍ പോകുന്നത്. ആയുര്‍വേദത്തെ അടിസ്ഥാനമാക്കി തഴപ്പായകള്‍ക്ക് വലിയ സാധ്യതകള്‍ ഉയരുന്നതും ഈ മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ സാഹചര്യം നിലനിര്‍ത്തുവാന്‍ സര്‍ക്കാരുകള്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നതാണ് പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നവരുടെ ആവശ്യം. ഇല്ലെങ്കില്‍ വരുംതലമുറയ്ക്ക് ഇതൊരു ഓര്‍മ്മ മാത്രമായിരിക്കും.