Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നൂറുകണക്കിനു കുടുംബങ്ങളെ ആശങ്കയിലാക്കി കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു
15/12/2018

വൈക്കം: ഇടവേളക്കുശേഷം നാടിന്റെ മുക്കിലും മൂലയിലും കഞ്ചാവ് മാഫിയ പിടിമുറുക്കുമ്പോള്‍ ആശങ്കയിലാകുന്നത് നൂറുകണക്കിനു കുടുംബങ്ങളാണ്. കാരണം വിദ്യാര്‍ത്ഥികളെ ഇവര്‍ ദിവസേന വലയിലാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തോട്ടകത്തുനിന്ന് യുവാക്കളെ പിടികൂടിയ സംഭവത്തില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ബിരുദത്തിനും എഞ്ചിനീയറിങിനും വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇവരുടെ വലയിലെ കണ്ണികളാണ്. ഇവരെല്ലാം നാട്ടില്‍ സല്‍പേരില്‍ അറിയപ്പെടുന്നവരും. പിടികൂടിയ പ്രതി പോലീസ് സ്റ്റേഷനില്‍വച്ച് താന്‍ ഒരു ക്ഷേത്രപൂജാരിയാണെന്നും ഇതുപോലുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടില്ലെന്നും പറഞ്ഞ് പോലീസിനോട് കരഞ്ഞ് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ഇയാളുടെ പോക്കറ്റില്‍ നിന്നും 250 ഗ്രാമിലധികം വരുന്ന കഞ്ചാവ് പൊതി പോലീസ് കണ്ടെത്തുന്നത്. തലയാഴം പഞ്ചായത്തിലും ടി.വി പുരം പഞ്ചായത്തിലും കഞ്ചാവ് മാഫിയകള്‍ ശക്തമായ രീതിയില്‍ നിറഞ്ഞാടുകയാണ്. അഷ്ടമി ആഘോഷത്തിനിടയില്‍ യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതികളും നിരവധി തവണ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്തുന്ന കേസില്‍ പിടിക്കപ്പെട്ടവരാണ്. ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസിനും എക്‌സൈസിനും തുടരന്വേഷണത്തിനു ശക്തമായ പിന്തുണ നല്‍കണം. അല്ലാതെ കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കരുത്. ആറിലധികം തവണ കഞ്ചാവ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പിടിക്കപ്പെട്ടവര്‍ തന്നെയാണ് പിന്നെയും അകത്താകുന്നത്. കാരണം പിടികൂടുന്ന പ്രതികള്‍ നിസാരസമയത്തിനുള്ളില്‍ തന്നെ പുറത്തിറങ്ങുന്നു. ഇവര്‍ക്കെല്ലാം പുറത്തിറങ്ങാന്‍ ലക്ഷങ്ങള്‍ വാരിക്കോരിയെറിയുന്ന സംഘങ്ങളാണ് കളത്തിലുള്ളത്. മോഷണക്കേസില്‍ പിടിക്കപ്പെടുന്നവര്‍ പോലും ജയില്‍ശിക്ഷ അനുഭവിക്കുമ്പോള്‍ കഞ്ചാവ് മാഫിയകള്‍ക്കുള്ള ശിക്ഷാനടപടികള്‍ വളരെ ചെറുതാണ്. ഇതുതന്നെയാണ് പ്രതികളെ വീണ്ടും ഇതുപോലുള്ള പ്രവൃത്തികളിലേക്ക് കൊണ്ടെത്തിക്കുന്നത്. നിയമത്തിന്റെ പഴുതിലൂടെ തുടര്‍നടപടികള്‍ അട്ടിമറിക്കപ്പെടുന്നതില്‍ പോലീസും എക്‌സൈസും കടുത്ത അമര്‍ഷത്തിലാണ്.