Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അതിരൂക്ഷമായ മലിനീകരണ പ്രശ്‌നവുമായി മൂവാറ്റുപുഴയാര്‍.
05/12/2018
മാലിന്യവാഹിനിയായ മൂവാറ്റുപുഴയാര്‍

വൈക്കം: അതിരൂക്ഷമായ മലിനീകരണ പ്രശ്‌നവുമായി മൂവാറ്റുപുഴയാര്‍. രണ്ടാഴ്ചയായി ശുദ്ധജലം ഒഴുകിയിരുന്ന പുഴ മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്. കക്കൂസ് മാലിന്യങ്ങളും രാസമാലിന്യങ്ങളും കലര്‍ന്ന് രൂക്ഷഗന്ധത്തോടെയും കറുത്തനിറത്തിലുമാണ് പുഴയിലെ വെള്ളം. പുഴയില്‍ കുളിക്കുന്നവരുടെ ശരീരം ചൊറിഞ്ഞു തടിക്കുകയും ചുവന്ന് പുകയുകയും ചെയ്യുന്നു. മാലിന്യത്തിന്റെ അളവ് കഴിഞ്ഞ രണ്ട് ദിവസമായി ക്രമാതീതമായി കൂടിയിട്ടുണ്ട്. മാലിന്യ പ്രശ്‌നം രൂക്ഷമാക്കുന്നത് വെള്ളൂര്‍ പത്രക്കടലാസ് ഫാക്ടറിയില്‍ നിന്നും വന്‍തോതില്‍ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതാണ്. മൂവാറ്റുപുഴയാറിനെ ആശ്രയിച്ചാണ് ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ നിരവധി കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിച്ചു വരുന്നത്. മാലിന്യം വ്യാപകമായി പുഴയില്‍ കലരുന്നത് കുടിവെള്ള പദ്ധതികളെയും സാരമായി ബാധിക്കും. കുടിക്കുവാനും നിത്യോപയോഗത്തിനും കൃഷിക്കുമായി പുഴയുടെ തീരപ്രദേശത്തെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് മൂവാറ്റുപുഴയാറിനെ ആശ്രയിക്കുന്നത്. ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ് പുഴയിലെ മാലിന്യം. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് പുഴയിലൂടെ ഒഴുകുന്ന മാലിന്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പരാതികള്‍ ഉയര്‍ന്നിട്ടും പുഴ മലിനാകുന്നതിനെകുറിച്ച് അധികൃതരുടെ അനാസ്ഥ തുടരുകയാണ്. പ്രതിദിനം എച്ച്.എന്‍.എല്ലില്‍ നിന്നും പുഴയിലേക്ക് മലിനജലം ഒഴുക്കുന്നതിന്റെ അളവ് കൂടുകയാണ്. ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൂവാറ്റുപുഴയാറിലെ രൂക്ഷമായ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗം എം.കെ ഷിബു നിവേദനം നല്‍കി. പുഴ മലിനമാക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നില്ല. എച്ച്.എന്‍.എല്‍ നിന്നും പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത് ഇനിയും തുടര്‍ന്നാല്‍ ഈ സ്ഥാപനത്തിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും എം.കെ ഷിബു പറഞ്ഞു. ജനങ്ങളുടെ എതിപ്പ് കൂടിവരുമ്പോള്‍ മലിനജലമൊഴുക്കുന്നത് കമ്പനി നിറുത്തി വയ്ക്കുകയും അതിനുശേഷം വീണ്ടും പഴയപടി തുടരുകയും ചെയ്യുന്നതാണ് ഇവിടുത്തെ പതിവ് കാഴ്ച.