Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം ഗ്രാമപഞ്ചായത്ത് മക്കന്‍ ചെല്ലപ്പനിലൂടെ കാര്‍ഷികരംഗത്ത് മുന്നേറുന്നു.
11/02/2016
തലയാഴം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മക്കന്‍ ചെല്ലപ്പന്റെ പ്രോട്രേ നഴ്‌സറി

തലയാഴം ഗ്രാമപഞ്ചായത്ത് മക്കന്‍ ചെല്ലപ്പനിലൂടെ കാര്‍ഷികരംഗത്ത് മുന്നേറുന്നു. പച്ചക്കറി തൈകളുടെ ഉല്‍പാദനത്തിലും വീട്ടുമുററങ്ങളിലും അക്ഷരമുററങ്ങളിലുമെല്ലാം തോട്ടങ്ങള്‍ ഒരുക്കുന്നതിലും ഉല്ലല സ്വദേശിയായ മക്കന്‍ (ചെല്ലപ്പന്‍) ചരിത്രമെഴുതുകയാണ്. 2007ല്‍ തുടങ്ങിയ മക്കന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷിയും ഇതിനുശേഷം കൃഷി വ്യാപിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുമെല്ലാം വന്‍വിജയമാകുമെന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് ഈ കര്‍ഷകന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കല്ലറ പഞ്ചായത്തിലെ വെന്തകരിയില്‍ ചാക്കില്‍ നടത്തിയ പച്ചക്കറി കൃഷിയാണ് മക്കനെ ശ്രദ്ധേയനാക്കുന്നത്. ചാക്കില്‍ നട്ടുവളര്‍ത്തിയ ക്യാബേജ്, ബീന്‍സ്, ക്യാപ്‌സിക്കം, കോളിഫ്‌ളവര്‍, വെണ്ട എന്നിവയെല്ലാം നൂറുമേനിയാണ് കൊയ്തത്. ഇതോടെയാണ് പലരും മക്കന്റെ കൃഷിരീതി ശ്രദ്ധിച്ചുതുടങ്ങുന്നത്. ഇതിനുശേഷം വൈക്കം പോലീസ് സ്റ്റേഷന്‍, താലൂക്ക് ആശുപത്രി, മനയത്ത് സ്‌ക്കൂള്‍, കല്ലറ എന്‍.എസ്.എസ് സ്‌ക്കൂള്‍, രത്‌നഗിരി പള്ളി എന്നിവിടങ്ങളിലെല്ലാം കൃഷി നടത്താന്‍ മക്കനെ ക്ഷണിച്ചു. ഇവിടെയും അതിശയിപ്പിക്കുന്ന വിജയമാണ് മക്കന്‍ കൊയ്തത്. ഇപ്പോള്‍ തലയാഴം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആരംഭിച്ചിരിക്കുന്ന പ്രോട്രേ നഴ്‌സറിയാണ് പുതിയ സംരംഭം. കടുത്തുരുത്തിയില്‍ തളിയില്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഗുരുകൃപ ഹോര്‍ട്ടി കള്‍ച്ചര്‍ നഴ്‌സറിയും കാര്‍ഷിക മേഖലക്ക് കുതിച്ചുചാട്ടം നല്‍കുന്നു. രണ്ട് നഴ്‌സറികളിലുമായി ഒരു വര്‍ഷം 30 ലക്ഷം തൈകളുടെ ഉദ്പാദനമാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ കോളിഫ്‌ളവര്‍, ബീന്‍സ്, ബീററ്‌റൂട്ട്, ബജി, ക്യാരററ്, സവാള ഉള്‍പ്പെടെ നാല്‍പ്പതില്‍പരം പച്ചക്കറി ഇനങ്ങളുടെ രണ്ട് ലക്ഷം തൈകളാണ് വിരിഞ്ഞുനില്‍ക്കുന്നത്. ഇത് ഇപ്പോള്‍തന്നെ ജില്ലാ കൃഷി വിഭാഗവും, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തും ബുക്ക് ചെയ്തുകഴിഞ്ഞു. കൂടാതെ വൈക്കം താലൂക്കിലെ ഭൂരിഭാഗം പഞ്ചായത്തുകളും സൊസൈററികളുമെല്ലാം ഇവിടെ നിന്നാണ് തൈകള്‍ എടുക്കുന്നത്. നഴ്‌സറിയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതോടൊപ്പം ഗ്രാമീണ മേഖലയില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ ഓട്ടോറിക്ഷയില്‍ തൈകള്‍ വില്‍പ്പന നടത്താനും മക്കന്‍ സമയം കണ്ടെത്തുന്നു. കോട്ടയം കളക്ടറേററാണ് പ്രധാന വിപണനകേന്ദ്രമെന്ന് മക്കന്‍ ആവേശത്തോടെ പറയുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മക്കന്റെ തൈകള്‍ എത്തിക്കഴിഞ്ഞു. അഞ്ച് ജീവനക്കാരുടെ സഹായത്തോടെയാണ് നഴ്‌സറി പ്രവര്‍ത്തിക്കുന്നത്. മകന്‍ ദീപുവും ഭാര്യ ആനന്ദവല്ലിയും കൃഷിയജ്ഞത്തിന് സര്‍വ്വപിന്തുണയുമായി രംഗത്തുണ്ട്. ഇപ്പോള്‍ പൂവ്, വാഴ, ചേന, കപ്പ, കാച്ചില്‍, ചേമ്പ് എന്നീ വിത്തുകളുടെ വില്‍പനയും ആരംഭിച്ചുകഴിഞ്ഞു. ഒരു കുടുംബം കൃഷി വ്യാപിപ്പിക്കുവാന്‍ നടത്തുന്ന പോരാട്ടങ്ങള്‍ ഇനിയെങ്കിലും അധികാരികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുതുതലമുറയ്ക്ക് കൃഷി ഒരു ഓര്‍മ്മ മാത്രമായി മാറും.