Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ പളളിയാട് ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂള്‍
23/11/2018
തലയാഴം ഗ്രാമപഞ്ചായത്തിലെ പള്ളിയാട് എസ്.എന്‍.യൂ.പി സ്‌കൂളില്‍ ജൂബിലി സ്മാരകമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഹാള്‍.

വൈക്കം: പളളിയാട് ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. തലയാഴം പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയ്ക്കാകെ അക്ഷരവെളിച്ചം നല്‍കിയ സ്‌കൂളിന്റെ ജൂബിലി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഉത്സവമാക്കാനാണ് സ്‌കൂള്‍ മാനേജുമെന്റും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്കപ്പുറം വിദ്യാഭ്യാസത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ തലയാഴം വടക്കേകര എസ്.എന്‍.ഡി.പി 1344-ാം നമ്പര്‍ ശാഖായോഗം ദാരിദ്ര്യത്തിന്റെയും അസൗകര്യങ്ങളുടെയും നടുവിലാണ് ഒരു സ്‌കൂള്‍ ആരംഭിക്കുവാന്‍ തീരുമാനിക്കുന്നത്. ഈ ഗ്രാമത്തില്‍ നിന്ന് കല്ലാര്‍കുട്ടി ഗവണ്‍മെന്റ് സ്‌കൂള്‍ അദ്ധ്യാപകനായി ജോലി നേടിയ കെ.ലക്ഷ്മണന്റെ ശക്തമായ പ്രേരണയും ജനങ്ങളുടെ അളവറ്റ ആഗ്രഹവും സഹകരണവുമാണ് അന്നത്തെ പ്രസിഡന്റ് കെ.എന്‍ കുഞ്ഞനും സെക്രട്ടറി എം.വി മണിക്കും ഖജാന്‍ജി ഇ.കെ ഗോവിന്ദനും ഈ പരിശ്രമങ്ങള്‍ക്ക് പ്രേരക ശക്തിയായത്. ഒപ്പം റവന്യൂ മന്ത്രിയും വൈക്കം എം.എല്‍.എ യുമായിരുന്ന പി.എസ് ശ്രീനിവാസന്റെ പിന്തുണയും പ്രോത്സാഹനവും. ആദ്യ ബാച്ചില്‍ തന്നെ 158 കുട്ടികള്‍ പഠിതാക്കളായി ചേര്‍ന്നു. ഹെഡ്മാസ്റ്റര്‍ ഇ.പി രാജപ്പനെ കൂടാതെ കെ.രത്‌നമ്മ, ബി.ശ്യാമള, കെ.ആര്‍. മാധവന്‍ എന്നിവര്‍ അദ്ധ്യാപകരായും എത്തി. സ്‌കൂളിന് വേണ്ടിയുള്ള നാട്ടുകാരുടെ പരിശ്രമങ്ങളും കഷ്ടതകളും കേട്ടറിഞ്ഞ് ആദ്യവാര്‍ഷികത്തിന് സ്പീക്കര്‍ ദാമോദരന്‍ പോറ്റി പങ്കെടുത്തത് സംഘാടകരുടെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരവും, നാടിന് അവിസ്മരണീയവുമായിരുന്നു. തുടര്‍ന്ന് അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ നിന്ന് വിദ്യനേടി. ഇന്ന് പഠനനിലവാരത്തിലും മറ്റ് കലാകായിക രംഗങ്ങളിലും മികച്ച സ്ഥാനം പുലര്‍ത്തുന്ന ജില്ലയിലെ മികച്ച സ്‌കൂളാണിത്. സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഉത്സവമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ വിളംമ്പരോത്സവവും ജനുവരി മാസം മുതല്‍ നവംബര്‍ വരെയുള്ള ഓരോ മാസങ്ങളിലായി ശുചിത്വഗ്രാമ മിഷന്‍ പ്രോഗ്രാം, വര്‍ണ്ണതുമ്പികള്‍ കുട്ടികളുടെ കലാമത്സരം, ഓര്‍മ്മക്കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഗമം, കലാവിരുന്നുകള്‍, ഗ്രാമീണോത്സവം, കാര്‍ഷിക വിപണനമേള, ഫുഡ് ഫെസ്റ്റ്, കളിക്കളം കായിക മത്സരങ്ങള്‍, ആയുര്‍കിരണ്‍ ആരോഗ്യ പരിപാലന സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ്, ചിരിമലരുകള്‍ വ്യക്തിഗത-ഗ്രൂപ്പ് മിമിക് കോമഡി മത്സരം, ക്ലാസ്സുകള്‍, ഡിബേറ്റുകള്‍, സിംപോസിയം, പൂര്‍വ്വ വിദ്യാര്‍ത്ഥി യുവ സംഗമം, കല അരങ്ങ്, നൃത്തം, സംഗീതം തുടങ്ങിയ കലാ മത്സരങ്ങളും പ്രദര്‍ശനവും നടത്തി നവംബറില്‍ സുവര്‍ണ്ണ ജ്വാല സമാപന സമ്മേളനവും സ്മൃതി മലരും, ഓര്‍മ്മക്കൂട്ടം ജൂബിലി സ്മാരക ഹാള്‍ സമര്‍പ്പണം, കലാസന്ധ്യ എന്നിവയും നടത്തും. 51 അംഗങ്ങളുള്ള ഒരു ജൂബിലി ആഘോഷസമിതിയും സ്‌കൂള്‍ മാനേജര്‍ ചെയര്‍മാനും പി.ടി.എ പ്രസിഡന്റ് ജനറല്‍ കണ്‍വീനറും ഹെഡ്മിസ്ട്രസ്സ് ട്രഷററും ആയിട്ടുള്ള 11 അംഗകമ്മറ്റിയെയും തിരഞ്ഞെടുത്തു. ആഘോഷങ്ങള്‍ ഡിസംബര്‍ 8ന് ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ സി.കെ ആശ അദ്ധ്യക്ഷത വഹിക്കും. സുവര്‍ണ്ണ ജൂബിലി സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണോദ്ഘാടനം എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് നിര്‍വഹിക്കും. ജൂബിലി ആഘോഷ സംഭാവന എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സുഖലാല്‍ റ്റി.പി, റജി പറപ്പള്ളില്‍, സാബു ഔസേഫ്, ബിജു പറപ്പള്ളി, അശോകന്‍ ഇ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.