Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആചാര പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് കൊടികയറി.
19/11/2018
വൈക്കത്തഷ്ടമി മഹോത്സവത്തിന് തന്ത്രി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടി ഉയര്‍ത്തുന്നു.

വൈക്കം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആചാര പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് കൊടികയറി. തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട്ട് നാരായണന്‍ നമ്പൂതിരി, മാധവന്‍ നമ്പൂതിരി, ചെറിയ നാരായണന്‍ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടി കയറ്റി. ചടങ്ങില്‍ മേല്‍ശാന്തിമാരായ റ്റി.ഡി നാരായണന്‍ നമ്പൂതിരി, റ്റി.എസ് നാരായണന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, കൊളായ് ശങ്കരന്‍ നമ്പൂതിരി, ഏറാഞ്ചേരി ദേവന്‍ നമ്പൂതിരി, കൊളായ് അര്‍ജ്ജുന്‍, ആഴാട് നാരായണന്‍ നമ്പൂതിരി, പാറോളി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. രാവിലെ പന്തീരടി പൂജ ഉള്‍പ്പെടെയുള്ള വിശേഷാല്‍ അഭിഷേകങ്ങള്‍ക്കു ശേഷം കൊടിക്കൂറ ബലിപ്പുരയിലേക്ക് എഴുന്നള്ളിച്ചു. ബലിക്കല്‍ പുരയില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്. കൊടിമര ചുവട്ടിലെ വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങള്‍ കൂപ്പുകൈയ്യായി ഉയര്‍ന്ന ധന്യ മുഹൂര്‍ത്തത്തില്‍ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടി ഉയര്‍ത്തിയ നിമിഷത്തില്‍ വേദമന്ത്രജപവും പഞ്ചാക്ഷരി മന്ത്രവും വാദ്യമേളങ്ങളും ക്ഷേത്രത്തിലെത്തിയ നൂറു കണക്കിന് ഭക്തരെ ആനന്ദ നിര്‍വൃതിയിലാക്കി. മുത്തുക്കുടകളും സ്വര്‍ണ്ണക്കുടകളും ഗജവീരന്‍മാരും കരിമരുന്നു പ്രയോഗവും ചടങ്ങിനെ മോടിയാക്കി. കൊടിമര ചുവട്ടിലെ കെടാവിളക്കില്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു ഭദ്രദീപം തെളിയിച്ചു. ഉത്സവം തീരുന്നതുവരെ കൊടിമര ചുവട്ടില്‍ കെടാവിളക്കിലെ ദീപം അണയാതെ ക്ഷേത്രത്തില്‍ നടക്കുന്ന അനവധി ചടങ്ങുകള്‍ക്ക് സാക്ഷിയാകും. വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് കലാമണ്ഡപത്തില്‍ ദീപം തെളിയിച്ചു. ക്ഷേത്രത്തില്‍ ആരംഭിച്ച പോലീസ് സഹായകേന്ദ്രം ദേവസ്വം കമ്മീഷണര്‍ എന്‍.വാസു ഉദ്ഘാടനം ചെയ്തു. കൊടിയേറ്റിന് ശേഷം വൈക്കത്തപ്പന്റെ ആദ്യ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. ആദ്യ ശ്രീബലി വൈക്കത്തപ്പന്റെ ശീവേലി തിടമ്പു ഗജരാജന്‍ തിരുനക്കര ശിവന്‍ ശിരസ്സിലേറ്റി. കിഴക്കേടത്ത് ഇല്ലത്ത് വിഷ്ണു മൂസത് ആണ് ഭഗവാനെ ആനപ്പുറത്ത് എഴുന്നള്ളിച്ചത്. ഇത്തിത്താനം വിഷ്ണുനാരായണന്‍, കുളമാക്കില്‍ പാര്‍ത്ഥസാരഥി എന്നീ ഗജവീരന്‍മാര്‍ എഴുന്നള്ളിപ്പിന് അകമ്പടിയായി. വൈക്കം വേണു ചെട്ടിയാര്‍, ടി.വി പുരം പ്രകാശന്‍, വടയാര്‍ അനില്‍ കുമാര്‍, വെച്ചൂര്‍ രാജേഷ്, കാര്‍ത്തിക് തുടങ്ങിയവരും ക്ഷേത്രകലാപീഠം വിദ്യാര്‍ത്ഥികളും വാദ്യമേളം ഒരുക്കി. ചടങ്ങുകള്‍ക്ക് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി രഘു, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ശ്രീലത, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീ പ്രസാദ് ആര്‍ നായര്‍, ഓഫീസര്‍ വി.കെ ആശോക് കുമാര്‍, ഹെഡ് ക്ലാര്‍ക്ക് വി.രാജീവ് കുമാര്‍, ഉപദേശക സമിതി ഭാരവാഹികളായ സോമന്‍ കടവില്‍, പി.എം സന്തോഷ് കുമാര്‍, ടി.ആര്‍ സുരേഷ്, അത്താഴ ഊട്ട് ഭാരവാഹികളായ പി.സുനില്‍ കുമാര്‍, എം.എസ് മധു, ആര്‍.സുരേഷ് ബാബു, എ.ബാബു എന്നിവര്‍ പങ്കെടുത്തു.