Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒറ്റപ്പണ സമര്‍പ്പണം നടത്തി
14/11/2018
അഷ്ടമി ഉത്സവത്തിനു മുന്നോടിയായി വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരമ്പരാഗത ചടങ്ങായ ഒറ്റപ്പണ സമര്‍പ്പണം.

വൈക്കം: ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും നിറവില്‍ വൈക്കം സമൂഹത്തിന്റെ ഒറ്റപ്പണസമര്‍പ്പണം ക്ഷേത്രനടയില്‍ നടന്നു. വൈക്കത്തഷ്ടമി ഉത്സവത്തിനു മുന്നോടിയായി വൈക്കം സമൂഹത്തിന്റെ പരമ്പരാഗത ചടങ്ങാണ് സന്ധ്യവേലയും ഒറ്റപ്പണ സമര്‍പ്പണവും. ദീപാരാധനയ്ക്കു ശേഷം ബലിക്കല്‍ പുരയില്‍ വെള്ള പട്ടുവിരിച്ച് സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയില്‍ വൈക്കത്ത് പെരുംതൃക്കോവിലപ്പന്‍, ഉദയനാപുരത്തപ്പന്‍, തന്ത്രി മറ്റപ്പള്ളി, തന്ത്രി കിഴക്കേടത്ത് മേക്കാടന്‍, മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, മൂസതുമാര്‍, കിഴിക്കാര്‍, പട്ടോലക്കര്‍ എന്നിവരെ യഥാക്രമം ഒറ്റപ്പണം സമര്‍പ്പിക്കുവാന്‍ സമൂഹം സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി വിളിച്ചു. തുടര്‍ന്നു ഭക്തരും പണം സമര്‍പ്പിച്ചു. കിഴിപ്പണം കെട്ടി തലയില്‍ ചുമന്ന് പ്രസിഡന്റ് കെ.ബാലചന്ദ്രന്‍ ക്ഷേത്രത്തിനു ഒരു പ്രദക്ഷിണം വച്ച് കൊടിമര ചുവട്ടില്‍ സമര്‍പ്പിച്ചു. അവിടെ നിന്നും തലയില്‍ എടുത്ത് എണ്ണി തിട്ടപ്പെടുത്തി ദേവസ്വം അധികാരികളെ എല്‍പ്പിച്ചു. അതില്‍ നിന്നും ഒരു പണം കിഴിയാക്കി എടുത്തു. ഈ പണം അടുത്ത സന്ധ്യ വേലയുടെ പ്രാരംഭത്തിന് ഉപയോഗിക്കും. ചടങ്ങില്‍ ശിവരാമകൃഷ്ണന്‍, പി.വി രാമനാഥന്‍, അര്‍ജുന്‍,സച്ചിതാനന്ദന്‍ ശങ്കര്‍, വൈദ്യനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങിനുശേഷം വൈക്കത്തപ്പന്റെ സ്വര്‍ണതിടമ്പ് ആനപ്പുറത്ത് വിളക്കിനെഴുന്നെള്ളിച്ചു. ഗജരാജന്‍ ഇത്തിത്താനം വിഷ്ണുനാരായണന്‍ വൈക്കത്തപ്പന്റെ തിടമ്പേറ്റിയത്. വിവിധസെറ്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ എഴുന്നെള്ളിപ്പ് തെക്കേമുറ്റത്ത് എത്തിയപ്പോള്‍ നിരവധി നിലവിളക്കുകള്‍ തെളിയിച്ചും പുഷ്പങ്ങള്‍ വിരിച്ചും സുഗന്ധദ്രവ്യങ്ങള്‍ പുകച്ചും വരവേല്‍പ്പ് നല്‍കി. വൈക്കം ഹരിഹരന്‍, വൈക്കം വേണു ചെട്ടിയാര്‍, വെച്ചൂര്‍ രാജേഷ്, വടയാര്‍ അനില്‍ കുമാര്‍ ടി.വി പുരം പ്രകാശ്, കാര്‍ത്തിക് എന്നിവരും ക്ഷേത്ര കലാപീഠം വിദ്യാര്‍ത്ഥികളും മേളം ഒരുക്കി. സന്ധ്യവേലയുടെ ഭാഗമായി ഉച്ചയ്ക്ക് വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയിലും സമൂഹം ഹാളിലും പ്രാതലും നടത്തി.