Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിക്കൂറ നിര്‍മാണം പൂര്‍ത്തിയായി
09/11/2018
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ത്യക്കാര്‍ത്തിക ഉത്സവത്തിനും കൊടിയേറ്റിനുള്ള കൊടിക്കൂറകള്‍.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ത്യക്കാര്‍ത്തിക ഉത്സവത്തിനും കൊടിയേറ്റിനുള്ള കൊടിക്കൂറയുടെ നിര്‍മാണം പൂര്‍ത്തിയായി. ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് പാണംപറമ്പില്‍ കെ.ജി സാജനാണ് ഇരുക്ഷേത്രങ്ങിലെയും കൊടിക്കൂറ ഒരുക്കിയത്. നാലര മീറ്റര്‍ നീളം വരുന്ന കൊടിക്കൂറയാണ് ഇരു ക്ഷേത്രങ്ങളിലേക്കും വേണ്ടി തയ്യാറാക്കിയത്. വെല്‍വെറ്റ്, പട്ടുതുണി, ക്യാന്‍വാസ് ലൈസുകള്‍, കമ്പിളി കൊണ്ടുള്ള കിന്നരി എന്നിവ കൊണ്ടാണ് കൊടിക്കൂറയുടെ നിര്‍മാണം. വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയില്‍ നാല് കാളാഞ്ചി, രണ്ട് ചന്ദ്രക്കല, രണ്ട് വലിയ കുമിള,ര ണ്ട് തൃക്കണ്ണ്, നന്ദികേശ്വരന്‍, ഒരു മാന്‍ ഓട്ടുമണി എന്നിവ തുന്നി ചേര്‍ത്തിട്ടുണ്ട്. ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയില്‍ അഷ്ടദളത്തില്‍ തമിഴില്‍ 'ഓം' എന്ന അക്ഷരവു വേലും ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് മയില്‍, ഒരു വെള്ളി ചന്ദ്രക്കല, രണ്ട് വെള്ളി കുമിള, നാലു കാളാഞ്ചി, ഒരു ഓട്ടുമണി എന്നിവ തുന്നിചേര്‍ത്തിട്ടുണ്ട്. ഏഴു കളറില്‍ ഏഴു വര്‍ണം മൂന്നു തവണ ആവര്‍ത്തിച്ച് 21 കോളമായാണ് ഇരു ക്ഷേത്രങ്ങളിലെയും കൊടിക്കൂറ ഒരുക്കിയിരിക്കുന്നത്. 18 വര്‍ഷമായി സാജനാണ് വൈക്കത്തെയും ഉദയനാപുരത്തെയും കൊടിക്കൂറകള്‍ തുന്നുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും ദര്‍ശനം നടത്തി വൈക്കം ക്ഷേത്രത്തിലെ പ്രാതലും അത്താഴ ഭക്ഷണവും കഴിച്ച് പ്രത്യേക വ്രതാനുഷ്ഠാനങ്ങളോടെയാണ് കൊടിക്കൂറ തയ്യാറാക്കിയത്. എക്‌സലന്റ് എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിന്റെ ഉടമയായ വൈക്കം ആലുങ്കല്‍ ആര്‍.പ്രതാപചന്ദ്രനാണ് കൊടിക്കൂറകള്‍ വഴിപാടായി ഇരുക്ഷേത്രങ്ങളിലും സമര്‍പ്പിക്കുന്നത്. 12നു രാവിലെ 6.50നും 8.50നും ഇടയ്ക്ക് ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറ സമര്‍പ്പണം നടക്കും.