Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതി സൗഹൃദ ടൂറിസം വികസനത്തിലൂടെ ഫാം ടൂറിസം രംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ച് ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജ്
08/11/2018

വൈക്കം: പ്രകൃതി സൗഹൃദ ടൂറിസം വികസനത്തിലൂടെ ഫാം ടൂറിസം രംഗത്ത് വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് വൈക്കം തോട്ടകത്തെ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജ്. തലയാഴം ഗ്രാമപഞ്ചായത്തിലെ തോട്ടകത്ത് 2014ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ദമ്പതികളായ വിപിനും അനിലയും. ചേര്‍ന്നു തുടങ്ങിയ ഫാം ടൂറിസം പദ്ധതി പ്രളയത്തിന്റെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു മുന്നേറുകയാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവരുടെ ഫാമിലെത്തുന്നത്. ലോകത്തിലെ ആദ്യത്തെ ഫ്‌ളോട്ടിങ് സൈക്കിള്‍ ട്രാക്ക് സ്ഥാപിച്ച് ഫാം ടൂറിസം രംഗത്ത് പുതിയ ചുവടുവയ്പ് നടത്തിയിരിക്കുകയാണ് ഫിഷ് വേള്‍ഡ് ഇപ്പോള്‍. ഫാം ടൂറിസം സംരഭമായ ഫിഷ് വേള്‍ഡില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സൈക്കിള്‍ സവാരി ചെയ്യുന്നതിനായി നൂനതമായ രീതിയില്‍ കാല്‍ കിലോമീറ്റര്‍ ചുറ്റളവില്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന രീതിയിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഫിഷ് വേള്‍ഡിന്റെ സംരഭകര്‍ സ്വയം രൂപകല്‍പന ചെയ്ത ഈ സൈക്കിള്‍ ട്രാക്ക് കഴിഞ്ഞ മാസം മുതല്‍ പ്രവര്‍ത്തനസജ്ജമാണ്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല പബ്ലിക് അക്വേറിയവും, ഏക ശംഖ്/കക്ക മ്യൂസിയവും സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ജലസസ്യങ്ങളുടെ പാര്‍ക്കാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. നൂറ്റിഅമ്പതില്‍പരം മത്സ്യശേഖരവും ഇവിടെയുണ്ട്. നാടനും വിദേശ ഇനത്തില്‍പ്പെട്ടതുമായ മത്സ്യകുഞ്ഞുങ്ങളുടെ ശേഖരം ആരെയും ആനന്ദിപ്പിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. അക്വാപോണിക്‌സ് പ്രവ്, മത്സ്യക്കൂട്ട് ക്യഷി എന്നിവയുടെ പ്രദര്‍ശന യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവയെല്ലാം ഗൈഡുകള്‍ വിവരിച്ചു നല്‍കുന്നു. കുളങ്ങളില്‍ വളര്‍ത്തുന്ന കരീമീനുകള്‍ക്ക് തീറ്റ നല്‍കുവാനും കിലോ 500 രൂപ നിരക്കില്‍ ചൂണ്ടയിട്ട് സ്വന്തമാക്കുവാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂവാറ്റുപുഴയാറിന്റെ കൈവരിയായ കരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ പുഴയോരത്ത് വിശ്രമിക്കുവാനുള്ള സൗകര്യവും ചൂണ്ടയിടുവാനുള്ള സൗകര്യവുമുണ്ട്. കുട്ടികളുടെ പാര്‍ക്കും ബോട്ടിങിനായി കുട്ടവഞ്ചി, നാടന്‍ വള്ളം, കാനോയിങ് എന്നിവയുമുണ്ട്. കൂടാതെ കുളിക്കുവാനായി റെയിന്‍ ബാത്തും വാട്ടര്‍ സ്ലൈഡും അമ്പെയ്ത്തിന്റെ ആവേശമറിയുവാന്‍ ആര്‍ച്ചറിയും എല്ലാം ഫിഷ് വേള്‍ഡിനെ വേറിട്ടു നിര്‍ത്തുന്നു. ആവശ്യമനുസരിച്ച് തത്‌സമയം പാചകം ചെയ്യുന്ന രുചികരമായ ഭക്ഷണവും കായല്‍, പുഴ മത്സ്യവിഭവങ്ങളുടെയെല്ലാം നാടന്‍രുചി നാടന്‍ ടൂറിസ്റ്റുകള്‍ക്കൊപ്പം വിദേശികളുടെയും മനം നിറക്കുന്നു. കുട്ടികളെയാണ് ഫാമിലേക്ക് ഏറ്റവുമധികം ആകര്‍ഷിപ്പിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നായി നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളാണ് ആസ്വദിക്കാനും അറിവു പകരാനുമായി ഇവിടെ എത്തിച്ചേരുന്നത്. അതുപോലെ തന്നെ മുതിര്‍ന്നവരും ഫോണ്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് വരണമെന്ന് നിബന്ധനയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് തിക്കല്‍ ഇല്ലാതെ ഇവിടം ആസ്വദിക്കാം. ജനപങ്കാളിത്ത ടൂറിസം പദ്ധതിയായ പെപ്പര്‍ ടൂറിസം വൈക്കത്ത് സജീവമാകുമ്പോള്‍ ഇതിനെ അടിസ്ഥാനമാക്കി കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഈ ദമ്പതികള്‍. ടൂറിസം രംഗത്തെ പരിപോഷിപ്പിക്കുവാന്‍ സര്‍ക്കാര്‍തലത്തില്‍ വാരിക്കോരി ഫണ്ടുകള്‍ അനുവദിക്കുമ്പോഴും, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ രംഗത്തു സജീവമായി നില്‍ക്കുന്ന ഈ ദമ്പതികള്‍ക്ക് ഒരു രൂപപോലും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തുവാന്‍ സാധിച്ചാല്‍ വലിയ പദ്ധതികള്‍ ഇവര്‍ക്ക് ആസൂത്രണം ചെയ്യാന്‍ സാധിക്കും. ടൂറിസത്തെ അടിസ്ഥാനമാക്കി തോട്ടകത്തും മുണ്ടാറിലുമെല്ലാമുള്ള പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സാധിച്ചാല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകളിലൊന്നായ തലയാഴത്തിന് വിലയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കും. പ്രകൃതി സൗഹൃദ നിര്‍മിതികളാല്‍ സമ്പന്നമായ ഫിഷ് വേള്‍ഡ് അക്വാ ടൂറിസം വില്ലേജ് വൈക്കത്തിന്റെ ടൂറിസം കുതിപ്പിന് കുതിപ്പേകുമെന്ന കാര്യം ഉറപ്പാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605535797, 9349181353, 9847945280.