Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശബരിമല യുവതീ പ്രവേശന പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍
02/11/2018
ധീവരസഭ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശബരിമല യുവതീ പ്രവേശന പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് രമ്യമായി പരിഹരിക്കണമെന്ന് ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ എക്‌സ്. എം.എല്‍.എ. സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിശ്വാസികളുടെ താല്‍പ്പര്യം പരിഗണിച്ച് സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കാതെ നിരപരാധികളെപ്പോലും കേസില്‍ പ്രതിയാക്കുന്ന നടപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കും. ജാതി - വര്‍ഗ ചിന്തകള്‍ക്കും രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങള്‍ക്കും അധീതമായി ഹൈന്ദവ സമൂഹം ശബരിമലയിലെ യുവതി പ്രശ്‌നത്തില്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ സവര്‍ണനെന്നും അവര്‍ണ്ണനെന്നും ചേരിതിരിവ് ഉണ്ടാക്കുവാനുള്ള മുഖ്യമന്ത്രിയുടെ സമീപനം ഒരു ഭരണാധികാരിക്ക് ചേരുന്നതല്ലെന്നും ദിനകരന്‍ കുറ്റപ്പെടുത്തി. ധീവരസഭ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി കേരളത്തിലെ ഹൈന്ദവ സംഘടനാ പ്രതിനിധികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയും വെവ്വേറെ വിളിച്ച്കൂട്ടി മണ്ഡല മഹോല്‍സവത്തിനു മുന്‍പ് തന്നെ പ്രശ്‌നം തീര്‍ക്കുവാന്‍ തയ്യാറാകണം. വിശ്വാസികളുടെ സമാധാനപരമായ സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കുവാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണം. പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിന് ശബരിമല യുവതി പ്രവേശന പ്രശ്‌നം സംബന്ധിച്ച് തീരുമാനം എടുക്കുവാനുള്ള പൂര്‍ണ അധികാരം ദേവസ്വം ബോര്‍ഡിന് നല്‍കുകയും ബോര്‍ഡ് വിശ്വാസികളുടെ താല്‍പ്പര്യം പരിഗണിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും റിവ്യൂ ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നതുവരെയും നിലവിലെ ആചാരങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ക്ഷേത്രാവകാശവും പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കുവാനുള്ള അവകാശവും മലയോര സമുദായത്തിന് തിരിച്ചു നല്‍കാന്‍ തയ്യാറാകുകയാണ് വേണ്ടത്. ദേവസ്വം ശാന്തിക്കാരായി പട്ടികജാതി - പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങളെ നിയമിച്ചു എന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രി ശബരിമലയിലും ഗുരുവായൂരിലും ശാന്തിക്കാരായി പട്ടികജാതി - പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങളിപ്പെട്ടവരെ നിയമിക്കുവാന്‍ തയ്യാറാകണമെന്നും ദിനകരന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വി. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ദാമോദരന്‍, ജില്ലാ സെക്രട്ടറി എം.കെ. രാജു, വൈസ് പ്രസിഡന്റ് ശിവദാസ് നാരായണന്‍, മഹിളാ സഭ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയന്‍, കൗണ്‍സിലര്‍ വി.വി. സത്യന്‍, മഹിള നാരായണന്‍, പി.എന്‍. രഘു, ആര്‍.സുരേഷ്, ഷീബാ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.