Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുകൃതം ഹരിതഭവനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന പ്രഥമ ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി
31/10/2018
സുകൃതം ഹരിതഭവനം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ആദ്യഭവനത്തിന്റെ ശിലാസ്ഥാപനം മാര്‍ സെബാസ്റ്റ്യന്‍ ഏടയന്ത്രത്ത് നിര്‍വഹിക്കുന്നു.

വൈക്കം: തങ്ങളുടെ ജീവിതാന്തസ്സ് ഉയര്‍ത്തുന്ന തരത്തില്‍ ഒരു ഭവനം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങളില്‍ സഹകരിക്കുക എന്നതാണ് പാവപ്പെട്ടവര്‍ക്ക് നല്‍കാവുന്ന വലിയ സമ്മാനമെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഏടയന്ത്രത്ത് അഭിപ്രായപ്പെട്ടു. പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി അതിരൂപത നടപ്പാക്കുന്ന സുകൃതം ഹരിതഭവനം പദ്ധതിയില്‍ തണ്ണീര്‍മുക്കത്ത് നിര്‍മ്മിക്കുന്ന പ്രഥമ ഭവനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കണമെന്ന സന്ദേശം പ്രളയം നമുക്ക് നല്‍കിയ പാഠങ്ങളിലൊന്നാണെന്ന ഓര്‍മ ഇനിയുള്ള കാലം നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളിലും നിഴലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തണ്ണീര്‍മുക്കം ഗ്രാമത്തെ പ്രളയദുരിതത്തില്‍ നിന്നുള്ള അതിജീവനത്തിനായി സഹായിക്കുന്ന വൈറ്റില സെന്റ് ഡാമിയന്‍സ് ഇടവകയെ അദ്ദേഹം അനുമോദിച്ചു. സുകൃതം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവള്ളി പദ്ധതിയെകുറിച്ച് വിശദീകരിച്ചു. തണ്ണീര്‍മുക്കം ഇടവക വികാരി ഫാ.ജോസഫ് ഡി പ്ലാക്കല്‍ ആശംസകള്‍ അര്‍പ്പിച്ചു. മാത്തച്ചന്‍ സെവറയിന്‍, ടോമി പുന്നക്കോട്ടില്‍, സാജു മുട്ടംതൊട്ടി, ആന്റണി കാച്ചപ്പിള്ളി, ജോര്‍ജ്ജ് ഏറംകുളം എന്നിവരും വൈറ്റില സെന്റ് ഡാമിയസ് ഇടവക പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ ഇടവകകള്‍, സന്യാസ സമൂഹങ്ങള്‍, സന്നദ്ധ പ്രസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഭവനരഹിതര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരിസ്ഥിതി സൗഹൃദപരവും വാസയോഗ്യവുമായ നൂറു ഭവനങ്ങള്‍ നിര്‍മിക്കുന്നതിനാണ് സുകൃതം പദ്ധതി ലക്ഷ്യമിടുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു.