Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിലകത്തും കടവ് മത്സ്യമാര്‍ക്കററിലെ കെട്ടിടങ്ങള്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തോടടുക്കുമ്പോഴും പ്രവര്‍ത്തനക്ഷമമാകുന്നില്ല.
10/02/2016
ആധുനികരീതിയില്‍ പണികഴിപ്പിച്ച കോവിലകത്തുംകടവ് മാര്‍ക്കററിലെ കെട്ടിടങ്ങള്‍

ആധുനിക രീതിയില്‍ നവീകരിച്ച നഗരസഭയിലെ കോവിലകത്തും കടവ് മത്സ്യമാര്‍ക്കററിലെ കെട്ടിടങ്ങള്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തോടടുക്കുമ്പോഴും പ്രവര്‍ത്തനക്ഷമമാകുന്നില്ല. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന ആധുനിക, ശുചിത്വപൂര്‍ണ്ണ മത്സ്യമാര്‍ക്കററ് ശൃംഖലയില്‍ ഉള്‍പ്പെടുത്തി 162.24 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യമാര്‍ക്കററ് നവീകരിച്ചത്. ഇതിന്റെ ഭാഗമായി 470 ച.മീററര്‍ വിസ്തൃതിയില്‍ പുതിയ കെട്ടിടവും നിര്‍മിച്ചു. എന്നാല്‍ വൈക്കത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ പതിവായി ഉണ്ടാകുന്ന തടസങ്ങള്‍ മാര്‍ക്കററിലേക്കും എത്തിയേക്കാമെന്ന ആശങ്കയുണ്ട്. ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇവിടെ ഇപ്പോള്‍ നിഴലിക്കുന്നത്. എന്നാല്‍ മാര്‍ക്കററില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ കച്ചവടക്കാരെയും തൊഴിലാളി സംഘടനാപ്രതിനിധികളെയും ഉള്‍പ്പെടുത്തി അവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. വികസനപദ്ധതികളോട് എല്ലാവരും ഒരേ യോജിപ്പാണ് പ്രകടിപ്പിച്ചത്. കോവിലകത്തുംകടവ് മാര്‍ക്കററ് രാവിലെയും ഉച്ചക്കും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പണികഴിപ്പിച്ച കെട്ടിടങ്ങള്‍ പ്രയോജനപ്പെടണമെങ്കില്‍ മാര്‍ക്കററിന്റെ പ്രവര്‍ത്തനം മുഴുവന്‍ സമയമായിരിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ അഭിപ്രായപ്രകടനങ്ങള്‍ നിര്‍മാണജോലികള്‍ തുടങ്ങിയപ്പോള്‍ തന്നെ ചിലര്‍ പ്രകടിപ്പിച്ചെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ ഇത് മുഖവിലക്കെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുതിയ കെട്ടിടങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്ന് അന്നത്തെ ഭരണസമിതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനൊന്നും തുടര്‍നടപടികള്‍ ഉണ്ടായില്ല. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്ന മത്സ്യകച്ചവടക്കാരെ മാര്‍ക്കററില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടങ്ങളിലേക്ക് മാററുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. അതുപോലെ മാര്‍ക്കററിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യങ്ങള്‍ അടിയന്തിരമായി ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. പാര്‍ക്കിംഗ് മാര്‍ക്കററിനെ സംബന്ധിച്ച് വലിയ തലവേദനയാണ്. മത്സ്യങ്ങള്‍ വാങ്ങാന്‍ മാര്‍ക്കററിലെത്തുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ചില ദിവസങ്ങളില്‍ ഇത് ഒച്ചപ്പാടിനും വാക്കേററത്തിനുമെല്ലാം ഇടയാക്കുന്നു. സമീപത്തു പ്രവര്‍ത്തിക്കുന്ന സ്‌ക്കൂളിലേക്ക് കുട്ടികള്‍ എത്തുന്നത് വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ്. കോടികള്‍ മുടക്കി പണികഴിപ്പിച്ച വികസനപദ്ധതികള്‍ നാടിന് ഉപകാരപ്പെടണമെങ്കില്‍ മാര്‍ക്കററിലെ തൊഴിലാളികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയുമെല്ലാം കൂട്ടായ്മ അനിവാര്യമാണ്. വൈക്കത്തോടൊപ്പം ഏററുമാനൂരില്‍ നവീകരിച്ച് ഉദ്ഘാടനം നടത്തിയ മത്സ്യമാര്‍ക്കററ് വലിയ മുന്നേററമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വികസന പദ്ധതികളോട് വൈക്കത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക് കാലത്തിന്റെതായ മാററം അനിവാര്യമാണ്. ഇതിനുമാററമുണ്ടാകുവാന്‍ ഇനിയും വൈകിയാല്‍ സമീപമണ്ഡലങ്ങള്‍ക്ക് മുന്നില്‍ വൈക്കം വെറും കാഴ്ചവസ്തുവായിരിക്കും.