Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാടുപിടിച്ച് വൈക്കം ബോട്ടുജെട്ടി പരിസരം
30/10/2018
വൈക്കം ബോട്ടുജെട്ടി പരിസരം കാടുപിടിച്ച നിലയില്‍.

വൈക്കം: വൈക്കം ബോട്ട്‌ജെട്ടി പരിസരം കാടുപിടിച്ചു കിടക്കുമ്പോഴും അധികാരികള്‍ക്ക് അനക്കമില്ല. രാജഭരണകാലത്ത് സ്ഥാപിതമായ പഴയ ബോട്ടുജെട്ടിക്ക് പകരം സമീപത്തുതന്നെ പണികഴിപ്പിച്ച പുതിയ ജെട്ടിയോടും അധികാരികള്‍ക്ക് വലിയ താല്‍പര്യമില്ലാത്ത അവസ്ഥയാണ്. വിശാലമായ ജെട്ടി പരിസരം കാടുപിടിച്ചുകിടക്കുകയാണ്. ഇഴജന്തുക്കളും തെരുവ് നായ്ക്കളുമെല്ലാം ഇവിടെ നിറയുന്നു. എ.സി സൂപ്പര്‍ ഫാസ്റ്റ് ബോട്ട് ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ജെട്ടി പരിസരം വൃത്തിയാക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിസംഗത തുടരുകയാണ്. വേമ്പനാട്ടു കായലിനോട് ചേര്‍ന്നു കിടക്കുന്ന ഈ ജെട്ടിയില്‍ ഏറെ വികസനസാധ്യതകളുണ്ട്. ഇതിനെയൊന്നും പ്രയോജനപ്പെടുത്തുവാന്‍ ജലഗതാഗത വകുപ്പ് തയ്യാറാകുന്നില്ല. പുതിയ ബോട്ടുജെട്ടി പണികഴിപ്പിച്ചപ്പോള്‍ ഏറെ പ്രാധാന്യമുള്ള പഴയ ബോട്ടുജെട്ടിയെ പൈതൃകസ്മാരകമായി സംരക്ഷിക്കുമെന്ന് ജലഗതാഗത വകുപ്പ് ഉറപ്പുനല്‍കിയിരുന്നെങ്കിലും എല്ലാം ജലരേഖയായി മാറി. പഴയ ബോട്ടുജെട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയും തീര്‍ത്തും ദയനീയമാണ്. ഇത് പരിഹരിച്ചു സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഇന്‍ഡ്യയിലെ ആദ്യത്തെ സോളാര്‍ യാത്രാ ബോട്ടായ ആദിത്യ സര്‍വീസ് നടത്തുന്ന വൈക്കം-തവണക്കടവ് ഫെറി തന്നെയാണ് സംസ്ഥാനത്ത് വരുമാനലഭ്യതയില്‍ മികച്ചുനില്‍ക്കുന്നതും. നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യുന്ന വൈക്കം-എറണാകുളം അതിവേഗ എ.സി ബോട്ട് കൂടി എത്തുന്നതോടെ വൈക്കം ബോട്ട്‌ജെട്ടിയുടെ വികസനരംഗത്തെ ചുവടുവെയ്പ്പുകള്‍ക്ക് വേഗം കൂടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.