Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.
30/10/2018
വൈക്കം ക്ഷേത്രത്തിലെ വലിയടുക്കളയുടെ മേല്‍ക്കുരയുടെ അറ്റകുറ്റ പണികള്‍ നടത്തുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. പ്രധാനമായും ക്ഷേത്രത്തിലെ വലിയടുക്കളയുടെ അറ്റകുറ്റപണിയാണ് പൂര്‍ത്തിയാക്കുന്നത്. ഏകദേശം 40 അടി ഉയരത്തില്‍ കുത്തനെയാണ് വലിയടുക്കളയുടെ മേല്‍ക്കൂര. മേല്‍ക്കൂരയുടെ മുകളില്‍ കയറി കേടുപാടുള്ള പട്ടികകളും ഓടുകളും മാറ്റിയിട്ട് സിമന്റിട്ട് ഉറപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. വലിയടുക്കളയുടെ മുഖപ്പിന്റെ അറ്റകുറ്റ പണികളും തീര്‍ക്കുന്നുണ്ട്. വൈക്കം ക്ഷേത്രത്തിലെ തിടപ്പള്ളിയോടൊപ്പം തന്നെ പ്രാധന്യമുള്ള സ്ഥലമാണ് വലിയടുക്കള. ഇവിടെ വച്ചാണ് വൈക്കത്തപ്പന്‍ പിടി മുട്ടാ ചട്ടുകം എന്നുപറഞ്ഞു മുട്ടസ്സിനെ ചട്ടുകം എല്‍പ്പിച്ചത്. ഇവിടെയാണ് വൈക്കത്തപ്പന്റെ പ്രാതലിനുള്ള ചോറും പായസവും കാളനും ഉണ്ടാക്കുന്നത്. വലിയടുക്കളയുടെ തെക്കു ഭാഗത്തുള്ള മാന്യസ്ഥാനത്ത് ഇരുന്നു ഭഗവാന്‍ ഊണ് കഴിച്ചതായും വിശ്വാസമുണ്ട്. അതിനാല്‍ ഇവിടെ വിളക്ക് വച്ച് വൈക്കത്തപ്പനെ സങ്കല്‍പ്പിച്ചു എല്ലാ വിഭവങ്ങളും വിളമ്പിയതിനുശേഷം ക്ഷേത്രത്തിലെ തന്ത്രിമാര്‍ക്കും മറ്റു കാര്‍മികര്‍ക്കും വിളമ്പുന്ന ആചാരവും നിലവിലുണ്ട്. അതുകൊണ്ട് ക്ഷേത്രത്തിലെ ഉച്ചപൂജയുടെ ചടങ്ങുകള്‍ കഴിഞ്ഞു നടയടച്ച ശേഷം ഒരു മണിയോടെ മാത്രമേ വലിയടുക്കളയിലെ പണി തുടങ്ങുകയുള്ളു. വൈകുന്നേരം നട തുറക്കുന്നതിന് മുന്‍പ് പണി നിറുത്തി ഇറങ്ങുന്നു. വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വൈക്കത്തപ്പന്റെ നിവേദ്യം കഴിച്ച് വ്രത നിഷ്ഠയോടെയാണ് ഏഴംഗ സംഘം ജോലി ചെയ്തുവരുന്നത്. ഇതിനുമുന്‍പ് 16 വര്‍ഷം മുന്‍പാണ് അടുക്കളുടെ അറ്റകുറ്റപ്പണി നടന്നതെന്നു പറയപ്പെടുന്നു. വലിയടുക്കളയ്ക്ക് ഏകദേശം 50 ചതുരശ്ര മീറ്റര്‍ ചുറ്റളവാണുള്ളത്. ക്ഷേത്രത്തിലെ ചുറ്റുവിളക്കുകളുടെ കേടുപാടുകള്‍ തീര്‍ത്ത് മോടി പിടിപ്പിക്കുന്ന പണികളും നടന്നു വരുന്നു. ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക അഷ്ടമി പന്തലിന്റെ പണികളും പെയിന്റിങ് ജോലികളും കൂടാതെ ക്ഷേത്ര റോഡുകളിലെ കാനകളുടെ അറ്റകുറ്റ പണികളും പുരോഗമിക്കുകയാണ്.