Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോ ഫ്‌ളോര്‍ ബസുകളെ വൈക്കത്തുനിന്നും പൂര്‍ണമായി ഒഴിവാക്കി അധികാരികളുടെ ഗതാഗതപരിഷ്‌കരണം.
29/10/2018

വൈക്കം: കെ.എസ്.ആര്‍.ടി.സിയുടെ എ.സി ലോ ഫ്‌ളോര്‍ ബസുകളെ വൈക്കത്തുനിന്നും പൂര്‍ണമായി ഒഴിവാക്കി അധികാരികളുടെ ഗതാഗതപരിഷ്‌കരണം. പ്രതിസന്ധികളില്‍ നിന്നും പതുക്കെ കരകയറുന്ന ഡിപ്പോയ്ക്കുള്ള ഇരുട്ടടിയാണ് അധികാരികളുടെ ഈ തീരുമാനം. ചില്‍ ബസുകള്‍ മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ വൈക്കത്തെ ഒഴിവാക്കി സര്‍വീസ് നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാ എ.സി ബസുകളും തലയോലപ്പറമ്പ്-കാഞ്ഞിരമറ്റം റൂട്ടിലൂടെയാണ് ഓടുന്നത്. ചില ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് ബസുകളും ഈ റൂട്ടിലൂടെ തന്നെയാണ് സര്‍വീസ് നടത്തുന്നത്. ചേര്‍ത്തലയും പിറവവും ഉള്‍പ്പെടെയുള്ള സമീപഡിപ്പോകളില്‍ വികസനവെളിച്ചമെത്തുമ്പോള്‍ വൈക്കത്തെ അവഗണിക്കുന്ന അധികൃതരുടെ നടപടി വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. 45 ബസുകളുള്ള ഡിപ്പോയില്‍ നിന്നും 38 ബസുകളാണ് ശരാശരി ദിവസേന സര്‍വീസ് നടത്തുന്നത്. കാലപ്പഴക്കംചെന്ന ബസുകള്‍ അടിക്കടി കേടാകുന്നതുമൂലം ഷെഡ്യൂളുകള്‍ പതിവായി വെട്ടിച്ചുരുക്കേണ്ടി വരുന്നതും സ്ഥിരം കാഴ്ചയാണ്. മെക്കാനിക്കല്‍ തകറാറുമൂലം അറ്റകുറ്റപ്പണിക്ക് കയറ്റേണ്ടി വരുന്ന ബസുകള്‍ ഉടനടി നന്നാക്കാന്‍ കഴിയാതിരിക്കുന്നതും ട്രിപ്പുകള്‍ മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്. ഡിപ്പോയില്‍ 110ഓളം ഡ്രൈവര്‍മാരും അത്രതന്നെ കണ്ടക്ടര്‍മാരുമാണ് ജോലിക്കാരായിട്ടുള്ളത്. എല്ലാ സര്‍വീസുകളും പൂര്‍ണമായി നടപ്പാക്കുന്നതിനുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യവും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി സിംഗിള്‍ ഡ്യൂട്ടി ആക്കിയതോടെ പല സര്‍വീസുകളും മുടങ്ങിയത് കെ.എസ്.ആര്‍.ടി.സിയെ ബാധിച്ചിട്ടുണ്ട്. പലപ്പോഴും മറ്റു ഡിപ്പോകളില്‍ നിന്നും വരുന്ന ബസുകളാണ് വൈക്കത്തെ യാത്രക്കാര്‍ക്ക് ആശ്രയം. ഡിപ്പോയോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കുവാന്‍ ഉന്നതങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് കാരണമെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. പഴകിയ വാഹനങ്ങളുപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ റൂട്ടുകള്‍ ക്രമീകരിച്ച് സര്‍വീസ് നടത്തിയിട്ടും ഡിപ്പോയില്‍ ദിവസേന അഞ്ചു ലക്ഷം രൂപയിലധികം വരുമാനമുണ്ട്. ശനി തിങ്കള്‍ ദിവസങ്ങളില്‍ ഇത് ആറുലക്ഷത്തിനുമേല്‍ വരും. വൈക്കത്തുനിന്നുള്ള ദീര്‍ഘദൂര ബസുകളായ കോഴിക്കോട്, തിരുവനന്തപുരം, മലമ്പുഴ എന്നീ ബസ് സര്‍വീസുകള്‍ ഇപ്പോഴും ലാഭത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്. വൈക്കം-വൈറ്റില റൂട്ടില്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് ഡിപ്പോ അധികാരികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വന്‍ലാഭത്തില്‍ സര്‍വീസ് നടത്തിയിരുന്ന വൈക്കം-കുമരകം-കോട്ടയം റൂട്ട് ഇപ്പോള്‍ സ്വകാര്യ ബസുകളുടെ പിടിയിലാണ്.