Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബധിരനും മൂകനുമായ മേവെള്ളൂര്‍ വളയിനിയില്‍ തമ്പിയ്ക്കും കുടുംബത്തിനും പുതിയ വീട് നിര്‍മിക്കുവാന്‍ പ്രവാസി മലയാളികളുടെ കൈത്താങ്ങ്.
29/10/2018
പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട ബധിരനും മൂകനുമായ മേവെള്ളൂര്‍ വളയിനിയില്‍ തമ്പിയ്ക്ക് വീട് നിര്‍മിക്കുന്നതിനുള്ള ആദ്യഘട്ട സഹായം യു.കെ ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ അഗസ്റ്റിന്‍ കൈമാറുന്നു.

വൈക്കം: പ്രളയാനന്തര ജീവിതം ചുറ്റുമുള്ളവര്‍ കരുപ്പിടിപ്പിക്കുമ്പോള്‍ സ്വന്തം വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടുപോയ ബധിരനും മൂകനുമായ മേവെള്ളൂര്‍ വളയിനിയില്‍ തമ്പിയ്ക്കും കുടുംബത്തിനും പുതിയ വീട് നിര്‍മിക്കുവാന്‍ പ്രവാസി മലയാളികളുടെ കൈത്താങ്ങ്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട്, വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്ന തമ്പിയുടെയും കുടുംബത്തിനെയും കദനകഥ നവമാധ്യമങ്ങളിലൂടെ മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് പങ്കു വെച്ചപ്പോള്‍, യു.കെ കേന്ദ്രമായ മലയാളി കൂട്ടായ്മ, ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ വീട് നിര്‍മിച്ചുനല്‍കാന്‍ മുന്നോട്ടുവരികയായിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് മാനസിക ദൗര്‍ബല്യമുള്ള അംഗങ്ങള്‍ താമസിക്കുന്ന തോന്നല്ലൂര്‍ കോട്ടപ്പുറം കൃഷ്ണനു വീടുവച്ചു നല്‍കിയ മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പുതുവര്‍ഷസമ്മാനമായി പുതിയ ഭവനം തമ്പിയ്ക്ക് കൈമാറുമെന്ന് ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ അഗസ്റ്റിന്‍ അറിയിച്ചു. മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് പണികഴിപ്പിക്കുന്ന ഈ രണ്ടാമത്തെ സ്‌നേഹ വീടിന്റെ പൂര്‍ത്തീകരണത്തിനായി ട്രസ്റ്റ് ചെയര്‍മാന്‍ എ.കെ ദാമോദരന്‍, കണ്‍വീനര്‍ എം.ജി സുനില്‍, ട്രഷറര്‍ രാജേന്ദ്രന്‍ മുക്കത്ത്, ഹരി, വിജയന്‍ ചെറുകര, സനല്‍ തോമസ്, സന്തോഷ് പവിഴാലയം, ടി.വി ബാബു, സണ്ണി കുടിയത്ത് എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.